Articles

ആരോഗ്യമുള്ള ജീവിതത്തിന് ജാഗ്രതയുള്ളവരാകാം

ആരോഗ്യമുള്ള ജീവിതത്തിന് ജാഗ്രതയുള്ളവരാകാം

റഷാദ് വിപി
(സെക്രട്ടറി സോളിഡാരിറ്റി കേരള)

ശാരീരികാരോഗ്യം, മാനസികാരോഗ്യം; ഇവ രണ്ടുമായി   ബന്ധപ്പെട്ട് പുതിയകാലത്ത് പലതരത്തിലുള്ള പ്രതിസന്ധികൾ നാം  അഭിമുഖീകരിക്കുന്നുണ്ട്. സ്ട്രെസ്സ്, ഡിപ്രഷൻ,  കായികക്ഷമതയില്ലായ്മ, പലവിധ ജീവിതശൈലി രോഗങ്ങൾ തുടങ്ങിയവ ഇന്ന്  വ്യാപകമാണ്. സന്തുലിതവും ചിട്ടയാർന്നതുമായ ദൈനംദിന ജീവിത ശൈലി രൂപപ്പെടുത്തിയാൽ മാത്രമേ മാനസികാരോഗ്യവും ശാരീരികാരോഗ്യവും ഉണ്ടാവുകയുള്ളൂ.

ദുനിയാവിലെ സൗകര്യങ്ങളും വിഭവങ്ങളും മനുഷ്യർക്ക് ആസ്വദിക്കാൻ വേണ്ടി തന്നെയാണ് അല്ലാഹു സംവിധാനിച്ചിട്ടുള്ളത്. അതിനെ ഒഴിവാക്കി കൊണ്ടുള്ള ഒരു ജീവിതമല്ല ഇസ്ലാം മുന്നോട്ട് വെക്കുന്നത്.
അല്ലാഹു പറയുന്നു:
“ചോദിക്കുക: അല്ലാഹു തന്റെ ദാസന്മാര്‍ക്കായുണ്ടാക്കിയ അലങ്കാരങ്ങളും  ഉത്തമമായ  ആഹാരപദാര്‍ഥങ്ങളും നിഷിദ്ധമാക്കിയതാരാണ്? പറയുക: അവ ഐഹിക ജീവിതത്തില്‍ സത്യവിശ്വാസികള്‍ക്കുള്ളതാണ്. ഉയിര്‍ത്തെഴുന്നേല്‍പു നാളിലോ അവര്‍ക്കു മാത്രവും. കാര്യം ഗ്രഹിക്കുന്നവര്‍ക്കായി നാം ഇവ്വിധം തെളിവുകള്‍ വിശദീകരിക്കുന്നു”. (അഅ്റാഫ്:32)

എന്നാൽ ഇക്കാര്യത്തിൽ സന്തുലിതവും ചിട്ടയാർന്നതുമായ രീതി സ്വീകരിക്കാതിരിക്കുമ്പോൾ നമ്മുടെ ജീവിതതാളം തെറ്റുകയും കാര്യങ്ങൾ വഷളാവുകയും ചെയ്യും.

അല്ലാഹു നമുക്ക് നൽകിയ ഏറ്റവും വലിയ അനുഗ്രഹങ്ങളിൽ ഒന്നാണ് ആരോഗ്യം. ദുനിയാവുമായി ബന്ധപ്പെട്ട അനുഗ്രഹങ്ങളിൽ ആരോഗ്യത്തേക്കാൾ മഹത്തായ മറ്റൊരു അനുഗ്രഹം ഒരുപക്ഷേ ഉണ്ടാവുകയില്ല. ജീവിതത്തിൽ എല്ലാം ഉണ്ടാവുകയും ആരോഗ്യം മാത്രം ഇല്ലാതിരിക്കുകയും ചെയ്യുന്നതിനേക്കാൾ ഉത്തമം ജീവിതത്തിൽ ഒന്നും ഇല്ലെങ്കിലും ആരോഗ്യം മാത്രമുള്ളതായിരിക്കും.  ഈമാൻ കഴിഞ്ഞാൽ പിന്നെ ഏറ്റവും വലിയ അനുഗ്രഹമാണ് ആരോഗ്യം

മുആദ് ബ്നു രിഫാഅ (റ)  തന്റെ പിതാവില്‍ നിന്നും ഉദ്ദരിക്കുന്നു: അദ്ദേഹം പറഞ്ഞു: അബൂബക്കർ സിദ്ദീഖ് (റ)  മിമ്പറില്‍ കയറി നിന്നു, ശേഷം കരഞ്ഞു. എന്നിട്ട് പറഞ്ഞു: ഹിജ്റ ഒന്നാം വർഷം റസൂൽ (സ)  ഞങ്ങളെ അഭിസംബോധന ചെയ്യാൻ വേണ്ടി (ഇതേപോലെ) എഴുന്നേറ്റുനിന്നു. ശേഷം അവിടുന്ന് കരഞ്ഞു. എന്നിട്ട് നബി (സ) പറഞ്ഞു: നിങ്ങൾ അല്ലാഹുവിനോട് മാപ്പും സമ്പൂർണ ആരോഗ്യവും ചോദിക്കുക. ദൃഢവിശ്വാസത്തിന് ശേഷം സമ്പൂർണ ആരോഗ്യം പോലൊരു അനുഗ്രഹം ആർക്കും നൽകപ്പെട്ടിട്ടില്ല”

ആരോഗ്യം എന്ന അനുഗ്രഹത്തിന്റെ ആഴം യഥാർത്ഥത്തിൽ രണ്ട് സന്ദർഭങ്ങളിലാണ് നമുക്ക് ബോധ്യപ്പെടുക. ഒന്ന്,  ആരോഗ്യം നഷ്ടപ്പെടുമ്പോൾ. രണ്ട്, ആരോഗ്യം നഷ്ടപ്പെട്ടത് മൂലം ദുരിത ജീവിതം നയിക്കുന്ന ആളുകളെ കാണുമ്പോൾ. ആരോഗ്യമുള്ളപ്പോൾ ആരോഗ്യം എന്ന  അനുഗ്രഹത്തെക്കുറിച്ച് നമ്മളിൽ പലരും ആശ്രദ്ധരായിരിക്കും. അതുകൊണ്ടാണ് റസൂൽ പറഞ്ഞത്;
“രണ്ട് അനുഗ്രഹങ്ങളുടെ കാര്യത്തില്‍ അധികം ആളുകളും അശ്രദ്ധരാണ്/ നഷ്ടകാരികളാണ്. ആരോഗ്യവും ഒഴിവ് സമയുവുമാണവ”.

ആശുപത്രികളും ക്യാൻസർ വാർഡുകളും ഡയാലിസിസ് സെൻററുകളും സന്ദർശിക്കുമ്പോൾ മാരകമായ രോഗം പിടിപെട്ട് വേദന ജീവിക്കുന്ന നിരവധി  ആളുകളെ നമുക്ക് കാണാൻ സാധിക്കും. ആ കാഴ്ചകൾ കാണുമ്പോൾ നമ്മൾ സ്തംഭിച്ചു പോകും.  ജീവിതത്തിൽ മറ്റൊന്നുമില്ലെങ്കിലും കുഴപ്പമില്ല,   ആരോഗ്യമൊന്ന് തിരിച്ചു കിട്ടിയെങ്കിൽ എന്ന് ആഗ്രഹിച്ച് കിടക്കുന്നവരാണ് അവർ. ജീവിക്കുന്നേടത്തോളം കാലം ആരോഗ്യത്തോടെ ജീവിക്കാന്‍ സാധിച്ചാല്‍ മതിയായിരുന്നുവെന്ന് ആ കാഴ്ചകള്‍ കാണുമ്പോള്‍ നാം പറഞ്ഞു പോകും.

പുതിയ  കാലം, പുതിയ ലോകം; എല്ലാം മാറിക്കൊണ്ടേയിരിക്കുന്നു. ഭക്ഷണശീലങ്ങളിലും കായികപരമായ അധ്വാനങ്ങളിലും ഉറക്കത്തിൻ്റെ സമയങ്ങളിലും എല്ലാം മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നു.   അസുന്തിലതമായ ജീവിത ശൈലികൾ കാരണം പലരുടെയും കായികക്ഷമത കുറയുന്നു, രോഗങ്ങൾ വർധിക്കുന്നു, യൗവനത്തിൽ തന്നെ ശരീരം ദുർബലമാകുന്നു. ആരോഗ്യം നിലനിർത്താനും ശക്തിപ്പെടുത്താനും ദൈനംദിന ജീവിതത്തിൽ ചില ചിട്ടയായ ശീലങ്ങൾ  ഇസ്ലാം നിർദ്ദേശിക്കുന്നുണ്ട്.
ഭക്ഷണം, ഉറക്കം, വ്യായാമം, വൃത്തി, വിനോദം ഈ അഞ്ച് ഘടകങ്ങളുമായി ബന്ധപ്പെട്ടതാണ് അവ.
ഈ അഞ്ച് ഘടകങ്ങളെ മുൻനിർത്തി നമ്മുടെ ദൈനംദിന ജീവിതത്തെ  പുനക്രമീകരിക്കാൻ നാം ശ്രമിക്കണം

*ഭക്ഷണ ശീലം*
ഭൂമിയിലുള്ള വിഭവങ്ങളെല്ലാം മനുഷ്യര്‍ക്ക് വേണ്ടിയാണ് സൃഷ്ടിച്ചതെന്ന് അല്ലാഹു പറയുന്നു
هُوَ الَّذِي خَلَقَ لَكُم مَّا فِي الْأَرْضِ جَمِيعًا ….
(അല്‍ബഖറ 29).
ഈ ഖുര്‍ആന്‍ വചനത്തിലൂടെ ആസ്വാദനത്തിന്റെ വലിയ സാധ്യതകള്‍ ഇസ്ലാം തുറന്നുവെക്കുന്നുണ്ട്. രുചികരമായ ധാരാളം ഭക്ഷണവിഭവങ്ങളെ ഖുർആൻ സംസാരിക്കുന്നുണ്ട്. അഥവാ, വൈവിധ്യമാർന്ന ഭക്ഷണ വിഭവങ്ങൾക്ക് ഇസ്ലാം തടസ്സം നിൽക്കുന്നില്ല.  രണ്ട് നിബന്ധനകള്‍ പാലിച്ചുകൊണ്ട് എന്തും കഴിക്കാൻ ഇസ്ലാം അനുവാദം നൽകുന്നു.  ഹലാല്‍, ത്വയ്യിബ് എന്നിവയാണ് ആ രണ്ട് നിബന്ധനകള്‍.
അല്ലാഹു പറയുന്നു:
“അല്ലയോ ജനങ്ങളേ, ഭൂമിയില്‍നിന്ന് ഹലാലായതും ത്വയ്യിബായതും നിങ്ങള്‍ തിന്നുകൊള്ളുക”(അല്‍ബഖറ 168).

ത്വയ്യിബ് എന്നാല്‍ ആരോഗ്യത്തിന് ദോഷകരമല്ലാത്ത്  എന്നാണ് ഉദ്ദേശം .  ആരോഗ്യത്തിന് ഹാനികരമായത് എന്ന് തെളിയിക്കപ്പെട്ട ഭക്ഷണങ്ങള്‍ ഒഴിവാക്കണമെന്ന് ഇസ്ലാം ഉണർത്തുന്നു. രുചിവൈവിധ്യങ്ങൾ തേടിപ്പോകുന്നവരാണ് നമ്മൾ. വിവിധ ഹോട്ടലുകളില്‍ കയറി വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങള്‍ ആസ്വദിക്കുന്നവരാണ്  പലരും. അതിന് ദീനിൽ തടസ്സമൊന്നുമില്ല. എന്നാൽ നമ്മുടെ ആരോഗ്യത്തിന് ഹാനികരമായ ചില വിഭവങ്ങളും അക്കൂട്ടത്തിലുണ്ടാകാം. അവ സ്ഥിരമായി കഴിക്കുന്നത് ചിലപ്പോൾ ഗുണകരമായിരിക്കില്ല. രുചികള്‍ ആസ്വദിക്കുന്നതിനിടയില്‍ ആരോഗ്യത്തെ മറക്കുന്നുണ്ടോ?  താല്‍ക്കാലിക സുഖം  ആസ്വാദിക്കുന്നതിനടയിൽ നാം നമ്മുടെ ആരോഗ്യത്തെ കുറിച്ച് അശ്രദ്ധരായാൽ    ഭാവിയില്‍ നിത്യരോഗത്തിന്റെ പിടിയിലകപ്പെടും.
എങ്ങനെ ഭക്ഷണം കഴിക്കണം എന്നതിനെക്കുറിച്ചും ഇസ്ലാം ചില നിർദ്ദേശങ്ങൾ മുന്നോട്ടുവെക്കുന്നുണ്ട്.  അമിതാഹാരം പാടില്ല എന്നതാണ് അതിലൊന്ന്. അല്ലാഹു പറയുന്നു: “നിങ്ങള്‍ തിന്നോളൂ, കുടിച്ചോളൂ, അതിര് കവിയരുത്. അതിര് കവിയുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല” (അല്‍അഅ്റാഫ് 31).
ഇവിടെ ഇസ്റാഫ് എന്ന പദമാണ് അല്ലാഹു ഉപയോഗിച്ചിരിക്കുന്നത്.  ആവശ്യത്തിലധികം ഭക്ഷിക്കരുത് എന്നാണ് അതുകൊണ്ടുള്ള ഒരു ഉദ്ദേശം.

അമിതാഹാരം ശാരീരികമായും ആത്മീയമായും നമുക്ക് ദോഷം ചെയ്യും.
ഓരോരുത്തരും അവർക്ക് ആവശ്യമായ ഭക്ഷണം കഴിക്കണം.ആവശ്യമായ ഭക്ഷണം കഴിക്കാതിരുന്നാല്‍ കരുത്ത് നഷ്ടപ്പെടും. നാം ക്ഷീണിച്ചുപോകും. ശരീരം ദുർബലമാവും. അതുകൊണ്ട് തന്നെ നല്ല  ഭക്ഷണം നല്ല രീതിയിൽ കഴിക്കുക എന്നത് ആരോഗ്യ ശക്തിപ്പെടുത്തുന്നതിന് അനിവാര്യമാണ്.
എന്നാല്‍, അമിതമായി ഭക്ഷണം കഴിക്കുമ്പോൾ ഉണ്ടാവുന്ന അവസ്ഥയെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ!  ക്ഷീണം തോന്നും . അലസതയുണ്ടാകും. ശരീരത്തിന് ഭാരക്കൂടുതൽ അനുഭവപ്പെടും.  ഭക്ഷണം കഴിച്ചാൽ  ഉന്മേഷവും ഊർജ്ജസ്വതയുമാണല്ലോ യഥാർത്ഥത്തിൽ ഉണ്ടാകേണ്ടത്. അഥവാ ഭക്ഷണം കൊണ്ട് ലഭിക്കേണ്ട ഗുണങ്ങൾ പോലും അമിതാഹാരം കാരണം നഷ്ടപ്പെടുകയാണ്.

അമിതാഹാരത്താല്‍ അലസമായ ശരീരം ഇബാദത്തുകള്‍ നിര്‍വഹിക്കാന്‍ ചിലപ്പോൾ മടികാണിക്കാറുണ്ട്. വയറ് നിറച്ച് ഭക്ഷണം കഴിച്ച ശേഷം നമസ്കാരത്തിന് നില്‍ക്കുമ്പോള്‍ ഈ അവസ്ഥ നാം ചിലപ്പോൾ നാം അനുഭവിച്ചിട്ടുണ്ടാകും. അമിതാഹാരം പലവിധ രോഗങ്ങളിലേക്ക് നമ്മളറിയാതെ നമ്മളെ കൊണ്ടെത്തിക്കും. ‘  ഉമര്‍ (റ) ഒരിക്കല്‍ പറഞ്ഞു: “നിങ്ങള്‍ അമിതാഹാരത്തെ സൂക്ഷിക്കുക. അത് ശരീരത്തിന് ദോഷം ചെയ്യും. രോഗങ്ങള്‍ വരുത്തിവെക്കും. നമസ്കാര കാര്യത്തില്‍ അലസതയുണ്ടാക്കും. നിങ്ങള്‍ ആഹാരത്തില്‍ മിതത്വം പാലിക്കുക. അതാണ് ശരീരത്തിന് ഏറ്റവും നല്ലത്.’
മിതമായ ആഹാരം ഇത്രയാണ് എന്ന് തിട്ടപ്പെടുത്തി പറയാന്‍ സാധിക്കില്ല. വ്യക്തികള്‍ക്കനുസരിച്ച് അതില്‍ മാറ്റമുണ്ടാകും. ഇന്ന് പല ഹോട്ടലുകളിലും എഴുതിവെച്ചിരിക്കുന്ന പരസ്യ വാചകമാണല്ലോ ‘അൺലിമിറ്റഡ് റൈസ്’.
അൺലിമിറ്റഡ് ആയി കഴിക്കാൻ അവസരം ലഭിക്കുമ്പോഴും സ്വന്തമായൊരു ലിമിറ്റ് നിശ്ചയിക്കാൻ നമുക്ക് സാധിക്കേണ്ടതുണ്ട്.

*വ്യായാമം*
വ്യായാമം ശീലമാക്കാത്ത ശരീരം ആരോഗ്യമുള്ളതായിരിക്കില്ല.  വ്യായാമമില്ലെങ്കിൽ  ശരീരത്തിൽ  അലസത നിറയുകയും ഊർജസ്വലതയും ഉന്മേഷവും ചോർന്ന് പോവുകയും ചെയ്യും. വ്യായാമത്തിൻ്റെ അഭാവം പല വിധ രോഗങ്ങൾക്ക് കാരണമാവാറുണ്ട്. ഇന്ന് വ്യാപകമായി കാണുന്ന പല രോഗങ്ങളുടെയും പ്രധാനപ്പെട്ടൊരു കാരണമായി വിലയിരുത്തപ്പെടുന്നത് വ്യായാമം ശീലമില്ലാത്ത ജീവിത രീതിയാണ്. വ്യായാമം സ്ഥിരമാക്കുമ്പോൾ മനസ്സിൽ സന്തോഷവും ശരീരത്തിന് ഉന്മേഷവും ഉണ്ടാകുന്നത് നമ്മിൽ പലരും അനുഭവിച്ച് അറിഞ്ഞിട്ടുണ്ട്. വ്യായാമവും വ്യത്യസ്ത കായിക പരിശീലനങ്ങളും ശീലമാക്കാൻ റസൂൽ ( സ) പ്രത്യേകം പഠിപ്പിച്ചിട്ടുണ്ട്. നീന്തൽ, കുതിര സവാരി, ആയോധന കല, ഓട്ടം തുടങ്ങിയവ ഉദാഹരണം. നബി(സ)  പറഞ്ഞു: ” നിങ്ങൾ നീന്തൽ പഠിക്കൂ . നിങ്ങളുടെ മക്കൾക്ക് നീന്തൽ പഠിപ്പിച്ച് കൊടുക്കൂ”

വ്യായാമത്തിന്  ആരോഗ്യവുമായി മാത്രമല്ല ബന്ധമുള്ളത്. വ്യായാമവും ആത്മീയതയും തമ്മിൽ വലിയ ബന്ധമുണ്ട്. ആരോഗ്യവും ചിട്ടയായ ജീവിതക്രമവും തസ്കിയത്തിന്റെ ഒരു പ്രധാന വശമാണ്. വ്യായാമത്തിൻ്റെ അഭാവം നമ്മുടെ ആത്മീയതയെ പ്രതികൂലമായി ബാധിക്കും.വ്യായാമമില്ലാത്ത  ശരീരത്തെ അലസത പിടികൂടുമെന്ന് പറഞ്ഞല്ലോ. അലസതയും മടിയും ബാധിച്ച ശരീരം ദേഹേഛക്ക് പെട്ടെന്ന് കീഴ്പെടുമെന്നും ഇബാദത്തുകൾ ചൈതന്യത്തോടെ നിർവഹിക്കുന്നതിന് തടസ്സമാകുമെന്നും മുൻഗാമികളായ പണ്ഡിതന്മാർ ഉണർത്തിയിട്ടുണ്ട്. അലസത ബാധിച്ച ശരീരത്തില്‍ പിശാചിന് പെട്ടെന്ന് പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നും  പണ്ഡിതന്മാർ  ഉണർത്തി. നമ്മുടെ ദേഹേഛയെ/ വികാരങ്ങളെ വളരെ വേഗം തൊട്ടുണര്‍ത്താനും തെറ്റിലേക്ക് വഴിതിരിച്ചു വിടാനും പിശാചിന് വലിയ റിസ്ക് എടുക്കേണ്ടി വരില്ല. അതുകൊണ്ട് തന്നെ വ്യായാമം, ആയോധനാ കലാ പരീശീലനം, കായിക വിനോദങ്ങൾ തുടങ്ങിയവ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കാൻ നാം ശ്രമിക്കണം.

*ഉറക്കം*
അല്ലാഹുവിൻറെ മഹത്തായ അനുഗ്രഹമാണ് ഉറക്കം. ഉറങ്ങാൻ കഴിയുക എന്നത് അല്ലാഹുവിൻറെ ഒരു ദൃഷ്ടാന്തമായി ഖുർആനിൽ പറയുന്നുണ്ട്.
” രാപ്പകലുകളിലെ നിങ്ങളുടെ ഉറക്കവും നിങ്ങള്‍ അവന്റെ അനുഗ്രഹം തേടലും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടവയാണ്. കേട്ടുമനസ്സിലാക്കുന്ന ജനത്തിന് ഇതിലും നിരവധി തെളിവുകളുണ്ട്”. (അർറൂം: 23)

വെള്ളവും ഭക്ഷണവും വെള്ളവും ശരീരത്തിന് അനിവാര്യമാണല്ലോ.  അതുപോലെ ശരീരത്തിന് അനിവാര്യമാണ് ഉറക്കവും. ഭക്ഷണം കൂടുന്നതും കുറയുന്നതും ശരീരത്തെ ബാധിക്കുന്നത് പോലെ, ഉറക്കത്തിൻ്റെ കുറവും കൂടുതലും   ശരീരത്തെ ബാധിക്കും. ആവശ്യത്തിന് ഉറക്കം ലഭിക്കാത്ത ശരീരം ദുർബലമായിരിക്കും. മനുഷ്യരടക്കമുള്ള ഭൂമിയിലെ സകല ജീവജാലങ്ങളുടെയും ശരീരം ആരോഗ്യത്തോടെ നിലനിൽക്കാൻ അല്ലാഹു സംവിധാനിച്ച ജൈവിക വ്യവവസ്ഥയാണ് ഉറക്കം.  അല്ലാഹു പറയുന്നു:
“അവനാണ് നിങ്ങള്‍ക്ക് രാവിനെ വസ്ത്രമാക്കിയത്. ഉറക്കത്തെ വിശ്രമാവസരവും പകലിനെ ഉണര്‍വുവേളയുമാക്കിയതും അവന്‍ തന്നെ”. (അൽഫുർഖാൻ :47)

പകൽ പ്രവർത്തിക്കാനുള്ള സമയവും രാത്രി ഉറങ്ങാനുള്ള സമയവും; അങ്ങനെയാണ്  ഭൂമിയിലെ  ജീവിതത്തെ  അല്ലാഹു സംവിധാനിച്ചിട്ടുള്ളത്. പകലിൽ പ്രവർത്തനങ്ങൾ ഏർപ്പെടുന്ന ഭൂമിയിലെ സകല ജീവജാലങ്ങളും രാത്രിയായാൽ ഉറക്കത്തിലേക്ക് നീങ്ങുന്നത് നമുക്ക് കാണാം.
മനുഷ്യരും ആ വ്യവസ്ഥ തന്നെയാണ് പിന്തുടരേണ്ടത്. എങ്കിലേ ശരീരത്തിൽ ആരോഗ്യം നിലനിൽക്കുകയുള്ളൂ
ശരീരത്തിന് ആവശ്യമായ ഉറക്കം കിട്ടിയില്ലെങ്കിൽ മാനസികവും ശാരീരികവുമായ പലവിധ രോഗങ്ങൾ  പതുക്കെപ്പതുക്കെ രൂപപ്പെടും. വിഷാദം, ഓർമക്കുറവ്, ഹൃദ്രോഗം, ശരീരം ദുർബലമാവുക, ക്ഷീണം, ഉൽസാഹക്കുറവ്, ഷുഗർ തുടങ്ങിയവക്ക് ഉറക്കകുറവ് കാരണമാകും.  ഉറക്കത്തിന് അല്ലാഹു നിശ്ചയിച്ച ജൈവികമായ ക്രമത്തിന് നാം ഭംഗം വരുത്തുമ്പോഴാണ് ആരോഗ്യം വഷളാവാൻ തുടങ്ങുന്നത്.

ഉറക്കത്തെ കുറിച്ച് അല്ലാഹു പറയുന്നു:
“നിങ്ങളുടെ ഉറക്കത്തെ നാം വിശ്രമം ആക്കിയിരിക്കുന്നു” ( അന്നബഅ് : 9 )
വിശ്രമം എന്നതിന് ഖുര്‍ആൻ ഈ ആയത്തിൽ പ്രയോഗിച്ച  വാക്ക് സുബാത്ത് എന്നാണ്.  മറ്റെല്ലാ  ജോലികളും പ്രവർത്തനങ്ങളും നിര്‍ത്തിവെച്ച് പൂർണമായ വിശ്രമത്തിൽ മുഴുകുന്നതിനെയാണ് സുബാത്ത് എന്ന് പറയുന്നത്. പ്രപഞ്ചത്തിലെ എല്ലാ  ജീവജാലങ്ങളും രാത്രിയായാൽ ഉറങ്ങുന്നു. പക്ഷികളും മൃഗങ്ങളും മത്സ്യങ്ങളുമെല്ലാം ആഴമേറിയ ഉറക്കത്തിൽ മുഴുകുന്നു. അവയൊന്നും രാത്രി ഉറക്കമൊഴിക്കാറില്ല. അതുപോലെ തന്നെ കിടന്നിട്ട് ഉറക്കം വരാതെ  നേരം പുലരുവോളം  പ്രയാസപ്പെടാറില്ല.വളരെ കംഫർട്ടും ആഴമേറിയതുമായ ഉറക്കം അവക്ക് ലഭിക്കുന്നു. കാരണം അവയെല്ലാം ഉറക്കത്തിന്ന് അല്ലാഹു നിശ്ചയിച്ച പ്രകൃതിപരമായ സമയക്രമം പാലിക്കുന്നവരാണ്.

നേരത്തെ ഉറങ്ങുകയും നേരത്തെ എഴുന്നേൽക്കുകയും ചെയ്യുക എന്നതായിരുന്നു റസൂലിൻ്റെ രീതി. ആ രീതിയാണ് ആരോഗ്യത്തിന് നല്ലത് എന്ന് ശരീരശാസ്ത്ര വിദഗ്ധർ ആഭിപ്രായപ്പെടുന്നു. വൈകി ഉറങ്ങുന്നത് ശരീരത്തിന് ഹാനികരമാണ്. മൊബൈലുകളിൽ വ്യാപൃതരായി വൈകി ഉറങ്ങുന്ന രീതി ഇന്ന് വ്യാപകമാണ്. ഇത് വളരെ ദോഷകരമാണ്. നിങ്ങൾ ഒരു രാത്രി മുഴുവൻ ഉറങ്ങാതെ ഇരുന്നു നോക്കൂ. ശേഷം വരുന്ന രണ്ടോ മൂന്നോ ദിവസങ്ങളിൽ അതിൻറെ അലസതയും ക്ഷീണവും നിങ്ങളിലുണ്ടാവും.
നേരത്തെ ഉറങ്ങി  രാത്രിയുടെ അന്ത്യയാമങ്ങളിൽ എഴുന്നേൽക്കുന്നത് ശീലിച്ചാൽ ശരീരത്തിനും മനസ്സിനും അത് ഉന്മേഷവും ഉണർവും സമ്മാനിക്കും. ആരാധനാ കർമങ്ങൾണ്ട് വേണ്ടി പോലും സ്ഥിരമായി രാത്രി മുഴുവൻ ഉറക്കമൊഴിക്കുന്നത് റസൂൽ നിരോധിച്ചിട്ടുണ്ട്.  എല്ലാ ദിവസവും രാത്രി ഉറങ്ങാതെ നമസ്കരിക്കാന്‍ തീരുമാനിച്ച ഒരു അനുയായിയെ റസൂൽ അതിൽ നിന്ന് വിലക്കിയ സംഭവം നമുക്കറിയാം.

*വൃത്തി*

ആരോഗ്യ സംരക്ഷണത്തിന് അനിവാര്യമായും ഉണ്ടാകേണ്ട ഘടകമാണ് വൃത്തി.  ഇസ്ലാമിൽ വൃത്തി എന്നത് ഒരു ഇബാദത്താണ്. നബി (സ) പറഞ്ഞു: ‘വൃത്തി ഈമാനിലേക്ക് ക്ഷണിക്കുന്നു, ഈമാന്‍ തന്റെ കൂട്ടുകാരനോടൊപ്പം സ്വര്‍ഗത്തിലുമാണ്.’
റസൂൽ പറയുന്നു:
” ശുദ്ധി  ഈമാനിൻ്റെ പകുതിയാണ്”
ഫിഖ്ഹ് ഗ്രന്ഥങ്ങളുടെ ആദ്യത്തെ അധ്യായം ‘ത്വഹാറ’ അഥവാ വൃത്തി/ ശുദ്ധി  എന്നതാണ്. അഥവാ, ഇസ്ലാമിക കര്‍മശാസ്ത്രത്തിൽ  നിന്ന് ഒരു മുസ്ലിമിന് ആദ്യമായി പഠിക്കാനുള്ളത് അതാണ്.
ശാരീരിക ആരോഗ്യ സംരക്ഷണത്തിന് വൃത്തിയുള്ള ദൈനം ദിന ജീവിത രീതി ചിട്ടപ്പെടുത്താൻ ഇസ്ലാം നിർദേശിക്കുന്നു
വൃത്തിയുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ റസൂൽ പ്രത്യേകം പ്രത്യേകം ഉണർത്തിയിട്ടുമുണ്ട്. ഉറക്കത്തിൽ നിന്നുണർന്നാൽ മൂന്നു പ്രാവശ്യം കൈകൾ കഴുകിയ ശേഷമല്ലാതെ വെള്ളപ്പാത്രത്തിൽ സ്പർശിക്കരുത് എന്ന് നബി  പഠിപ്പിച്ചു .  പല്ല് വൃത്തിയായി സൂക്ഷിക്കാൻ കൽപിച്ചു.
റസൂൽ പറയുന്നു: “ദന്തശുദ്ധീകരണം വായയെ വൃത്തിയാക്കുന്നതും അല്ലാഹുവിനെ സംതൃപ്തനാക്കുന്നതുമാണ്”. പ്രത്യേകിച്ചും രാത്രി ഉറങ്ങുന്നതിനു മുമ്പ് പല്ല് വൃത്തിയാക്കുന്നത് നല്ലതാണ്. രാത്രി പല്ല് വൃത്തിയാക്കാതെ ഉറങ്ങുന്നത് ശീലമാക്കിയാൽ പല്ല് ക്രമേണ കേടുവരും.
അതുകൊണ്ടാണ് റസൂൽ പറഞ്ഞത്:
لولا أن أشق على أمتي لأمرتهم بالسواك عند كل وضوء
“എന്റെ സമുദായത്തിന് പ്രയാസമാകുമായിരുന്നില്ലായെങ്കിൽ എല്ലാ വുദുവിനോടൊപ്പവും പല്ല് തേക്കാന്‍ കൽപിക്കുമായിരുന്നു”.
തലമുടി ചീകിയൊതുക്കി വെക്കണമെന്നും റസൂൽ നിർദേശിച്ചു. നബി (സ) പറഞ്ഞു. “മുടിയുള്ളവൻ അതിനെ ബഹുമാനിക്കട്ടെ.”
കക്ഷരോമവും ഗുഹ്യരോമവും നീക്കം ചെയ്യുക, നഖം മുറിക്കുക തുടങ്ങിയവയെല്ലാം റസൂലിൻ്റെ (സ) നിർദേശങ്ങളിൽ പെട്ടതാണ്.
വീടും പരിസരവുമെല്ലാം വൃത്തിയായിസൂക്ഷിക്കാനും ഇസ്ലാം  ഉണർത്തുന്നുണ്ട്. റസൂൽ പറഞ്ഞു :“അല്ലാഹു വൃത്തി ഇഷ്ടപ്പെടുന്നു. അതിനാൽ നിങ്ങൾ സ്വന്തം മുറ്റങ്ങൾ വൃത്തിയായി സൂക്ഷിക്കുക”
കഴിക്കുന്ന പാത്രങ്ങളും ഭക്ഷണവുമെല്ലാം വൃത്തിയായി സൂക്ഷിക്കാനും നിർദ്ദേശിച്ചു.
ഭക്ഷണ പാത്രം തുറന്നിടരുത്, ഭക്ഷണത്തിന് മുമ്പ് കൈകഴുകണം, ഭക്ഷണത്തില്‍ ഊതരുത് തുടങ്ങിയ ജാഗ്രതാ നിര്‍ദേശങ്ങൾ അതിൻ്റെ ഭാഗമാണ്.

*വിനോദം*
വിനോദം  മനുഷ്യന്റെ പ്രകൃതിപരമായ താൽപര്യങ്ങളില്‍പെട്ടതാണ്. വിനോദം മനസ്സിന് ആനന്ദവും ആശ്വാസവും ചിന്തക്ക് ഭാരക്കുറവും നൽകുന്നു. ജീവിതത്തിലെ ഉത്തരവാദിത്തങ്ങൾ  നിർവഹിക്കാനുള്ള ഉണർവ് അതുവഴി ലഭിക്കുന്നു. വിനോദം ഇല്ലെങ്കിൽ ജീവിതവും മനസ്സും വരണ്ടുപോവും. കായിക വിനോദങ്ങൾ, യാത്രകൾ, ഭാര്യയോടും കുട്ടികളോടുമൊപ്പമുള്ള കളികൾ, ഇസ്ലാം നിരോധിക്കാത്ത വിവിധതരം എൻ്റർടൈൻമെൻ്റുകൾ തുടങ്ങിയവ ജീവിതത്തിൻ്റെ ഭാഗമാകണം.

*ലൈഫ് സ്റ്റൈൽ ബാലൻസിങ്*

ബിസിനസും ജോലിയും ജോലിയിടങ്ങളിലെ തിരക്കുകളുമൊക്കെയായി നമ്മുടെ ജീവിതം മുന്നോട്ട് പോവുകയാണ്. വിവിധ പ്രൊഫഷനുകളിലും , വ്യത്യസ്ത ബിസിനസുകളിലും തൊഴിലുകളിലും ഏർപ്പെടുന്നവരാണ് നാം. ഓരോ മേഖലയിലും അതിൻ്റേതായ തിരക്കുകകളും മെൻ്റൽ സ്ട്രൈനുമൊക്കെയുണ്ട്. അതോടൊപ്പം കുടുംബം, പാരൻ്റിംഗ്,  ഇബാദത്ത്, വ്യക്തിപരവും സംഘടിതവുമായ മറ്റ് ദീനീപ്രവർത്തനങ്ങൾ, വായന, പഠനം  തുടങ്ങിയവയിൽ നാം ഏർപ്പെടുന്നുണ്ട്.
ഈ കാര്യയങ്ങളിലെല്ലാം സന്തുലിതമായി എംഗേജ് ചെയ്യുന്ന ജീവിത ശൈലിയാണ് നാം രൂപപ്പെടുത്തേണ്ടത്. മാനസികാരോഗ്യം നിലനിർത്തുന്നതിലും സ്ട്രെസ്സ്  ഇല്ലാതാക്കുന്നതിലും ഇത് പ്രധാന പങ്കു വഹിക്കുന്നുണ്ട്.   എന്നാൽ, ഇവയെല്ലാം സന്തുലിതമായി മുന്നോട്ട് കൊണ്ടുപോകാൻ പലപ്പോഴും നാം പ്രയാസമനുഭവിക്കാറുണ്ട്. ഓരോ  സന്ദർഭത്തിലും ഓരോന്നിൻ്റെയും മുൻഗണനാക്രമം മാറിക്കൊണ്ടിരിക്കാം. അതിനനുസരിച്ച് സമയ ക്രമീകരണവും ഊന്നലും നിശ്ചയിക്കുക എന്നത് പ്രധാനമാണ്. ഒന്നിൽ എംഗേജ് ചെയ്യുമ്പോൾ  മറ്റുള്ളതിൽ നിന്നെല്ലാം അശ്രദ്ധമാകുന്ന ജീവിതശൈലിയിൽ മാറ്റം ഉണ്ടാവണം. അത് മാനസിക സ്ട്രെസ്സിനും വിരസതക്കും മടുപ്പിനും കാരണമാകും. നമ്മിൽ ഏൽപ്പിക്കപ്പെട്ട ഉത്തരവാദിത്തങ്ങൾ നിർവഹിക്കാൻ പറ്റാത്ത  അവസ്ഥ ഉണ്ടാവുകയും ചെയ്യും. ബിസിനസ്, കുടുംബം, ദീനീപ്രവർത്തനങ്ങൾ തുടങ്ങിയവ സന്തുലിതമായി കൊണ്ടുപോകുന്ന ജീവിത സംസ്കാരം നാം വളർത്തിയെടുക്കണം. നമ്മുടെ പ്രൊഡക്റ്റിവിറ്റി വർധിപ്പിക്കുന്ന രൂപത്തിൽ ജീവിത രീതിയെ ക്രമീകരിക്കുകയും ആസൂത്രണങ്ങൾ നടത്തുകയും വേണം.

*വിശ്വാസിയുടെ ബോഡി ലാംഗ്വേജ്*

നമുക്ക് ഓരോരുത്തർക്കും വ്യത്യസ്ത ശരീരപ്രകൃതമാണുള്ളത്. ഉയരമുള്ളവർ, ഉയരം കുറഞ്ഞവർ, മെലിഞ്ഞ ശരീരപ്രകൃതം ഉള്ളവർ, തടിച്ച ശരീരപ്രകൃതമുള്ളവർ, വൈകല്യമുള്ളവർ, വൈകല്യം ഇല്ലാത്തവർ…… ശരീരപ്രകൃതം ഏതാണെങ്കിലും വിശ്വാസിയുടെ ശരീരഭാഷ എപ്പോഴും ഊർജ്ജസ്വലതയും ഉന്മേഷവും നിറഞ്ഞതായിരിക്കണം. കാണുന്നവർക്കൊരു പോസിറ്റീവ് എനർജി ലഭിക്കുന്ന വിധത്തിൽ ബോഡി ലാംഗ്വേജ് എനർജറ്റിക് ആയിരിക്കണം. റസൂലിന്റെയും സ്വഹാബികളുടെയും ബോഡി ലാംഗ്വേജ് അപ്രകാരമായിരുന്നു.

*ശാരീരിക ആരോഗ്യവും* *മാനസികാരോഗ്യവും*
ശാരീരിക ആരോഗ്യവും മാനസികാരോഗ്യവും പരസ്പരം ബന്ധപ്പെട്ടതാണ്. മനസ്സിൽ ടെൻഷനും വിഷമങ്ങളും വർദ്ധിക്കുമ്പോൾ ശരീരം ദുർബലമാകുന്ന അവസ്ഥ നാം കാണാറുണ്ട്. അതുപോലെതന്നെ, വ്യായാമത്തിലൂടെയും ചിട്ടയായ ജീവിതരീതികളിലൂടെയും ആരോഗ്യം ശക്തിപ്പെടുത്തുമ്പോൾ അത് മനസ്സിന് സന്തോഷവും പ്രസരിപ്പും നൽകും. ‘ആരോഗ്യമുള്ള ശരീരത്തിലാണ് ആരോഗ്യമുള്ള മനസ്സുള്ളത്’ എന്ന് തത്വം പ്രശസ്തമാണല്ലോ.

സോളിഡാരിറ്റി വെല്‍നസ് കാമ്പയിന്‍ ലോഗോ പ്രകാശനം ജമാഅത്തെ ഇസ്‍ലാമി ഹിന്ദ് കേരള അമീര്‍ പി മുജീബുറഹ്മാന്‍ നിര്‍വ്വഹിക്കുന്നു.
Way to
healthy
lifestyle
Wellness Campaign 2024 may 03 – 31

Latest Updates