News & Updates

അടയാളം ഓഫീസ് ഉല്‍ഘാടനം

ആലുവ: ചൂര്‍ണിക്കര കുത്തരിയെ ലോകമറിയുന്ന ബ്രാന്റാക്കി മാറ്റിയ അടയാളം പുരുഷ സ്വയംസഹായ സംഘത്തിന് സ്വന്തമായ ആസ്ഥാനം യാഥാര്‍ഥ്യമായി. ജനപ്രതിനിധികളെയും വിശിഷ്ടാതിഥികളെയും സാക്ഷിയാക്കിയാണ് സോളിഡാരിറ്റിക്ക് കീഴില്‍ നടത്തപ്പെടുന്ന കൂട്ടായ്മയുടെ ഓഫീസ് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.എം സാലിഹ് നാടിന് സമര്‍പ്പിച്ചത്. ചൂര്‍ണിക്കര ഹെല്‍ത്ത് സെന്ററിന് സമീപ്പമുള്ള ഓഫീസ് അടയാളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കാന്‍ സഹായകമാകും.
പരിപാടിയില്‍ അടയാളത്തിന്റെ വനിതാക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ചു. ഫലവൃക്ഷ തൈകള്‍ സൗജന്യമായി വിതരണം ചെയ്തു. മുട്ടക്കോഴി വിതരണം, അടുക്കള മാലിന്യസംസ്‌കരണം, ടെറസ് കൃഷി വ്യാപനം എന്നീ പദ്ധതികളും പ്രഖ്യാപിക്കപ്പെട്ടു.
ജില്ലാ പഞ്ചായത്ത് അംഗം അസ്‌ലഫ് പറേക്കാടന്‍, മുന്‍പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉദയകുമാര്‍, വൈസ്പ്രസിഡന്റ് ബീനാ അലി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ സി.പി നൗഷാദ്, സി.കെ ജലീല്‍, പഞ്ചായത്ത് മെമ്പര്‍ ബാബു പുത്തനങ്ങാടി, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.കെ ജമാല്‍, സംഗമം കോഓഡിനേറ്റര്‍ ടി.ബി ഹാഷിം എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. അടയാളം കണ്‍വീനര്‍ റിയാദ് പദ്ധതികള്‍ വിശദീകരിച്ചു. അടയാളം രക്ഷാധികാരി കെ.കെ സലീം അധ്യക്ഷത വഹിച്ച പരിപാടിയില്‍ അടയാളം പ്രസിഡന്റ് അന്‍സാര്‍ സ്വാഗതവും ട്രഷറര്‍ നജീ നന്ദിയും പറഞ്ഞു.

Latest Updates