News & Updates, Press Release

വയനാട് ഏറ്റുമുട്ടൽ കൊല: കേരളാപൊലീസിനെതിരെ ജുഡീഷ്യൽ അന്വേഷണം വേണം -സോളിഡാരിറ്റി

Mavoist Kola

വയനാട് വൈത്തിരിയിൽ വെച്ച് തണ്ടർബോൾട്ടുമായുള്ള വെടിവെപ്പിൽ സി.പി.ജലീലടക്കമുള്ള മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത് ദുരൂഹത ജനിപ്പിക്കുന്നതാണെന്ന് സോളിഡാരിറ്റി സംസ്ഥാന വൈസ് പ്രസിഡണ്ട് സമദ് കുന്നക്കാവ് അഭിപ്രായപ്പെട്ടു. കൊല്ലപ്പെട്ട സി.പി.ജലീലിന്റെ പാണ്ടിക്കാട്ടെ വീട്ടിൽ മാതാവിനെ സന്ദർശിച്ചതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. തണ്ടർബോൾട്ട് നടത്തിയ വെടിവെപ്പിലും ഏറ്റുമുട്ടലില്‍ കൊലയിലും ഭരണകൂട ഭാഷ്യം അപ്പടി വിശ്വസിക്കാന്‍ സാധിക്കാത്ത തരത്തിലുള്ള ധാരാളം അവ്യക്തതകളുണ്ട്. പൊലീസ് തങ്ങൾക്ക് കൃത്യമായ വിവരങ്ങൾ നൽകിയില്ലെന്നും തുടക്കത്തില്‍ മൃതദേഹം കാണിച്ചു നൽകിയില്ലെന്നും കുടുംബങ്ങൾ പറഞ്ഞു. ഒളിവിലായിരുന്നെന്ന് പൊലീസ് പറയുന്ന സി.പി ജലീല്‍ പല പൊതുപരിപാടികളിലും പങ്കെടുക്കുന്ന ചിത്രങ്ങളും തെളിവുകളും പുറത്തുവന്നിട്ടുണ്ട്. ഒളിവിലെന്നു പറയുന്നയാളെ അപ്പോഴൊന്നും പിടിക്കാതെ ഏറ്റുമുട്ടലില്‍ വധിച്ചത് സംഭവത്തിന്റെ ദുരൂഹത വര്‍ധിപ്പിക്കുന്നുണ്ട്. ഏറ്റുമുട്ടൽ തന്നെ ഏകപക്ഷീയമായിരുന്നു എന്നാണ് ദൃക്സാക്ഷികൾ നൽകുന്ന സൂചന. നിരോധിത സംഘടനകളിൽ പ്രവർത്തിക്കുന്നവരെയും തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെയെല്ലാം അറസ്റ്റ് ചെയ്ത് പിടികൂടാനുള്ള സാഹചര്യമുണ്ടായിട്ടും പോലീസ് കൊലപാതക ശൈലി പിന്തുടരുന്നത് പുരോഗമന കേരളത്തിന് അപമാനമാണ്.
സുരക്ഷയുടെ പേരില്‍ തങ്ങള്‍ക്കെതിരെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും ഉന്നയിക്കുന്നവരെയെല്ലാം ഉൻമൂലനം ചെയ്യുന്നത് ഭരണകൂട ഭീകരതയുടെ ആധുനിക രൂപമാണ്. പൊലീസ് സംവിധാനമുപയോഗിച്ചും ആള്‍കൂട്ടങ്ങളെ ഉപയോഗപ്പെടുത്തിയും വിമതശബ്ദങ്ങളെ ഇല്ലായ്മ ചെയ്യുന്ന കേന്ദ്ര ഭരണകൂടത്തിന്റെ ചുവടുപിടിച്ച് കേരളത്തിൽ ഇടതുപക്ഷവും ഭരണകൂട ഭീകരത നടപ്പാക്കുകയാണെന്നാണ് വയനാട്ടിലേത് പോലുള്ള സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നത്. പിണറായി സർക്കാർ അധികാരത്തിലേറിയതിനു ശേഷം നിലമ്പൂർ കരുളായിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു എന്നു പോലീസ്‌ പറഞ്ഞ രണ്ടു മാവോയിസ്റ്റ് നേതാക്കളുടെയും മരണത്തിന്റെ നിജസ്ഥിതി ഇപ്പോഴും പുറത്തു വന്നിട്ടില്ല. ഭീകരവാദവും തീവ്രവാദവും അമർച്ച ചെയ്യാനെന്ന പേരിൽ കോടിക്കണക്കിന് രൂപയാണ് സ്‌റ്റേറ്റുകൾക്ക് ലഭ്യമാകുന്നത് എന്നിരിക്കെ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ ഭരണകൂടങ്ങളുടെ പൊതു സ്വഭാവമായി മാറിക്കൊണ്ടിരിക്കുകയാണ്. ‘പുരോഗമന ഇടതുപക്ഷം’ നേതൃത്വം നൽകുന്ന കേരളത്തിലെ പോലീസ് സംവിധാനവും ഇത്തരം ഭരണകൂട ഭീകരതക്കൊപ്പമാണ് നീങ്ങുന്നതെന്ന് സംശയമുണർത്തുന്നതാണ് വയനാട് ഏറ്റുമുട്ടൽ സംഭവമെന്നും അദ്ദേഹം പറഞ്ഞു. സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ ടി. ശാക്കിർ, സാദിഖ് ഉളിയിൽ, കെ.നജാത്തുല്ല എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Latest Updates