മണ്ണാര്‍ക്കാട്: സോളിഡാരിറ്റി നേതാക്കള്‍ അട്ടപ്പാടിയില്‍ കൊലചെയ്യപ്പെട്ട മധുവിന്റെ വീട് സന്ദര്‍ശിച്ചു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.എം സാലിഹിന്റെ നേതൃത്വത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഉമര്‍ ആലത്തൂര്‍, പാലക്കാട് ജില്ലാപ്രസിഡന്റ് എ.കെ നൗഫല്‍, ജില്ലാ ജനറല്‍ സെക്രട്ടറി ലുക്മാന്‍ ആലത്തൂര്‍, ജില്ലാ വൈസ്പ്രസിഡന്റ് ഷാജഹാന്‍ കൊല്ലംകോട്, ജില്ലാ സെക്രട്ടറി ശിഹാബ് നെന്മാറ,മണ്ണാർക്കാട് ഏരിയാ പ്രസിഡന്റ് മൻസൂർ കൊറ്റിയോട് ജില്ലാസമിതിയംഗങ്ങളായ പി ഫൈസല്‍, നജീബ് ആലത്തൂര്‍ എന്നിവരാണ് മധുവിന്റെ കുടുംബത്തെ സന്ദര്‍ശിച്ചത്.
കുടുംബത്തിന്റെ ദുഖത്തില്‍ പങ്ക്‌ചേര്‍ന്ന നേതാക്കള്‍ നിയമനടപടിക്കും കുടുംബത്തിന്റെ പുനരധിവാസത്തിനും പൂര്‍ണ പിന്തുണയറിയിച്ചു. കേസ് അന്വേഷണം കാര്യക്ഷമമാക്കി കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കണമെന്നും പൊലീസിന്റെയും ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെയും ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്ന ആരോപണം അന്വേഷിക്കണമെന്നും സംസ്ഥാന പ്രസിഡന്റ് പി.എം സാലിഹ് ആവശ്യപ്പെട്ടു. ജനാധിപത്യ സമൂഹമെന്ന നിലയില്‍ സമൂഹത്തിന്റെ സാമൂഹികാന്തരീക്ഷം വംശീയവും ജാതീയവുമായ മുന്‍വിധികളില്ലാതെ നിലനിര്‍ത്തല്‍ അനിവാര്യമാണ്. എല്ലാ ജനവിഭാഗങ്ങള്‍ക്കും ജീവിക്കാനും അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനും തങ്ങളുടെ സാംസ്‌കാരിക തനിമകള്‍ നിലനിര്‍ത്താനുമുള്ള അവസരങ്ങള്‍ ഉറപ്പാക്കുമ്പോഴാണ് രാജ്യത്തിന്റെ സാമൂഹികാരോഗ്യം സുരക്ഷിതമാവുക. മധുവിന് നേരെ നടന്ന അക്രമം സമൂഹത്തില്‍ ഇത്തരം മൂല്യങ്ങള്‍ ദുര്‍ബലപ്പെടുന്നതിന്റെ അടയാളമാണ്. ഇതിനെ പ്രതിരോധിക്കാന്‍ കൂട്ടായ്മകള്‍ രൂപപ്പെടണം. എല്ലാ മനുഷ്യര്‍ക്കും തുല്യമായ പരിഗണനയും അന്തസുമാണ് ഇസ്‌ലാം നല്‍കുന്നത്. അന്യായമായി ജീവനെ ഹനിക്കുന്നവന്‍ സകല ജീവനുകളെയും ഹനിക്കുന്ന അക്രമമാണ് ചെയ്യുന്നതെന്നും വിശുദ്ധ വേദഗ്രന്ഥം പഠിപ്പിക്കുന്നുണ്ട്. സോളിഡാരിറ്റിയുടെ പ്രവര്‍ത്തനങ്ങളുടെ അടിത്തറയായിവര്‍ത്തിക്കുന്നത് ഇത്തരം അധ്യാപനങ്ങളാണെന്നും പി.എം സാലിഹ് കൂട്ടിച്ചേര്‍ത്തു.
ആദിവാസികളും മറ്റ് സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് പുറത്താക്കപ്പെട്ടവരും കൂടുതലുള്ള അട്ടപ്പാടി മേഖലയില്‍ സര്‍ക്കാറും മറ്റും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ശിശുമരണ നിരക്ക് വളരെ കൂടുതലുള്ള പ്രദേശവും പട്ടിണിമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത മേഖലയുമാണിത്. അവിവാഹിത അമ്മമാര്‍പോലുള്ള സാമൂഹിക പ്രശ്‌നങ്ങളും ഇവിടെയുണ്ട്. സര്‍ക്കാര്‍-സര്‍ക്കാറേതര തലങ്ങളില്‍ വിവിധ പദ്ധതികള്‍ പ്രഖ്യാപിക്കപ്പെടാറുണ്ടെങ്കിലും അവയുടെ ഫലങ്ങള്‍ ഇവിടെ കാണാനാകുന്നില്ല. അവയുടെ സോഷ്യല്‍ ഓഡിറ്റിംഗ് നടത്തണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.