News & Updates

സാമൂഹ്യ പ്രാതിനിത്യത്തോട് ഐക്യദാർഢ്യപ്പെട്ട് സോളിഡാരിറ്റി സാഹോദര്യ ഇഫ്താർ

എറണാകുളം: വിവിധ സമുദായങ്ങളെ ചേർത്ത് നിർത്തി സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന കമ്മിറ്റി ആലുവയിൽ സംഘടിപ്പിച്ച സാഹോദര്യ ഇഫ്താർ വിവിധ സമുദായങ്ങളുടെ സാമൂഹ്യ പ്രാതിനിത്യവുമായി ബന്ധപ്പെട്ട ഐക്യപ്പെടലായി. ഹിന്ദുത്വത്തിന്റെ വംശഹത്യാ രാഷ്ട്രീയത്തിനെതിരെ നിരന്തരം കലഹിച്ചു കൊണ്ടിരിക്കുന്ന വ്യത്യസ്ത സാമൂഹിക ജനവിഭാഗങ്ങളുടെയും സമുദായങ്ങളുടെയും പ്രതിനിധികളുടെ ഒരുമിച്ച് ചേരൽ വംശീയത വിരുദ്ധ രാഷ്ട്രീയത്തിനെതിരായ ഭാവിയിലേക്കുള്ള വലിയ ചുവട് വെപ്പായിരിക്കുമെന്ന് മുഖ്യ പ്രഭാഷണം നിർവഹിച്ച സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ്‌ തൗഫീഖ്‌ മമ്പാട് പറഞ്ഞു.

ഇസ്ലാമോഫോബിയക്കും ജാതീയതക്കും വംശീയതക്കുമെതിരെ അടിച്ചമർത്തപ്പെടുന്ന, അനീതിക്കിരയാക്കപ്പെടുന്ന മുഴുവൻ സമുദായങ്ങളുടെയും നേതൃത്വത്തിലുള്ള യോജിച്ച പോരാട്ടത്തിനുള്ള ആഹ്വാനം കൂടിയായിരുന്നു സോളിഡാരിറ്റി സംഘടിപ്പിച്ച ഇഫ്താർ. മുസ്ലിം സമുദായത്തിന്റെയും മറ്റു സാമുഹിക-പിന്നാക്ക ജനവിഭാഗങ്ങളുടെയും അധികാര പങ്കാളിത്തത്തെക്കുറിച്ചും പ്രാതിനിധ്യത്തെക്കുറിച്ചും ഗൗരവപൂർവ്വമായ ചർച്ചകൾ നടന്ന ഈ കൂടിച്ചേരൽ കേരളത്തിൽ ജാതി സെൻസസ് നടപ്പിലാക്കുന്നതിനായി യോജിച്ച പോരാട്ടമടക്കമുള്ള നിർണ്ണായക തീരുമാനങ്ങളോടെയാണ് താൽക്കാലികമായി പിരിഞ്ഞത്. ഇത് കേവലം ഇഫ്താർ സംഗമം എന്നതിലുപരി വരുകാലത്തേക്കുള്ള വംശഹത്യാ രാഷ്ട്രീയത്തിനെതിരായ കാതലായ രാഷ്ട്രീയ മുന്നേറ്റമായി രൂപപ്പെടുത്താനാണ് സോളി‍ഡാരിറ്റി ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അനീതി നേരിടുന്ന സമുദായങ്ങൾ ഉയർത്തുന്ന രാഷ്ട്രീയ ചോദ്യങ്ങളെ സാമുദായികത എന്നും വർഗീയത എന്നും ലേബൽ ചെയ്ത് നിശബ്ദമാക്കാൻ നോക്കുന്ന ഇടത്-വലത് രാഷ്ട്രീയ വങ്കത്തരത്തിനെതിരെയുള്ള വ്യത്യസ്ത സമുദായങ്ങളുടെ സംഗമം കൂടിയായിരുന്നു സാഹോദര്യ ഇഫ്താർ.

സജീദ് ഖാലിദ് സാഹോദര്യ സന്ദേശം കൈമാറി. കെ. അംബുജാക്ഷൻ, സുദേഷ്. എം. രഘു, ഹർഷാദ് കെ., പ്രശാന്ത് ഈഴവൻ, ബി. പ്രതീഷ്, അബ്ദുറസാഖ് (മെക്ക), റാസിഖ് റഹീം, വിനീഷ് സുകുമാരൻ, അബ്ദുൽ സമദ്, ഉണ്ണികൃഷ്ണൻ, കണ്ണൻ കാർത്തികേയൻ, പി.എസ് ദേവരാജ്, അജി, കെ.പി ഡിബിൻ, മാഹിൻ അബൂബക്കർ, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറിമാരായ ഡോ. എ.കെ സഫീർ, വി.പി റഷാദ്, ടി.എ ബിനാസ് എന്നിവർ സംസാരിച്ചു.

Latest Updates