News & Updates

റിയാസ് മൗലവി വധം: കോടതി വിധി പ്രതിഷേധാർഹം.

റിയാസ് മൗലവി വധത്തിൽ പ്രതികളായ ആർ.എസ്.എസ് പ്രവർത്തകരെ വെറുതെ വിട്ട കോടതി വിധി പ്രതിഷേധാർഹമാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ് സി.ടി സുഹൈബ്. പ്രതികൾക്കെതിരെ പോലീസ് അന്വേഷണത്തിലും പ്രോസിക്യൂഷൻ വാദങ്ങളിലും സംഭവിച്ച ദൗർബല്യങ്ങളാണ് കോടതിയിൽ നിന്ന് ദൗർഭാഗ്യകരമായ വിധിയുണ്ടായത്. ശാസ്ത്രീയ തെളിവുകളും സാഹചര്യത്തെളിവുകളും പ്രതികൾക്കെതിരായി ഉണ്ടായിട്ടും അതൊന്നും മുൻനിർത്തിയുള്ള കുറ്റമറ്റ നിലപാടുകൾ കോടതിയിൽ സ്വീകരിക്കപ്പെടാതെ പോയത് കോടതിക്ക് പ്രതികൾക്കനുകൂലമായ വിധിതീർപ്പിലെത്താൻ സഹായകരമായി. മുസ്‍ലിം വംശഹത്യാ പദ്ധതിയിൽ കോടതി സംഘപരിവാറിൻറെ കൂടെ നിൽക്കുന്നത് ഏറെ ആശങ്കാജനകമാണ്.

കൊലപാതകത്തിന് പിന്നിലുള്ള ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ ശ്രമിക്കാതിരുന്ന പ്രോസിക്യൂഷൻ നടപടിയാണ് സംഘ്പരിവാർ ക്രിമിനലുകളെ വെറുതെവിടുന്ന കോടതി വിധിയിലേക്ക് നയിച്ചത്. ആർ.എസ്.എസ്സുകാർ പ്രതികളാകുന്ന കേസുകളിലെ ഇത്തരത്തിലുള്ള പോലീസ്- ജുഡീഷ്യൽ ഉദാസീന നടപടികൾ നാട്ടിലെ സമാധാന അന്തരീക്ഷം തകർക്കുന്നതും നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം തകർക്കുന്നതുമാണ്.
സംഘ്പരിവാറിൻറെ മുസ്‍ലിം ഉന്മുലന ശ്രമങ്ങളെ ചെറുക്കാൻ പി.ആർ സ്റ്റണ്ടുകൾക്കപ്പുറം ആത്മാർഥമായ ശ്രമങ്ങൾ കേരള സർക്കാറിൻറെ ഭാഗത്തുനിന്നും ഉണ്ടാകണം. റിയാസ് മൗലവിയുടെ കുടുംബത്തിൻറെ ദുഃഖത്തിൽ സോളിഡാരിറ്റി പങ്കുചേരുന്നുവെന്നും സി.ടി സുഹൈബ് കൂട്ടിച്ചേർത്തു.

Latest Updates