റിപ്പോർട്ട്
റമദാൻ മാസത്തിൽ സംസ്ഥാനതലം മുതൽ പ്രാദേശിക തലം വരെ സോളിഡാരിറ്റിയുടെ നേതൃത്വത്തിൽ നടന്ന വൈവിധ്യമാർന്ന പരിപാടികൾ ശ്രദ്ധേയമായി. ആത്മീയ പ്രഭാഷണങ്ങൾ, റമദാൻ മുന്നൊരുക്ക പരിപാടികൾ, ഇഫ്താർ കിറ്റ് വിതരണം, യൂത്ത് മീറ്റുകൾ, റമദാൻ ഹദ്യ കൈമാറൽ,ഇഫ്താർ മീറ്റുകൾ, ഇഅ്തികഫ് സംഗമങ്ങൾ, ഓൺലൈൻ ദുആ പഠന സീരീസ്, തുടങ്ങിയ വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളും പരിപാടികളും സോളിഡാരിറ്റി നടത്തുകയുണ്ടായി.
റമദാൻ ഹദ് യ
സംസ്ഥാനത്തെ വിവിധ പള്ളികൾക്കും മഹല്ലുകൾക്കും റമദാൻ സമ്മാനമായി സോളിഡാരിറ്റി ഈത്തപ്പഴം കിറ്റ് കൈമാറി. പള്ളി ഇമാമുമാരെയും മഹല്ല് ഭാരവാഹികളെയും നേരിൽ ചെന്ന് കാണുകയും സൗഹൃദം പങ്കുവെക്കുകയും റമദാൻ ഹദ് യ കൈമാറുകയും ചെയ്ത പ്രവർത്തനം ഹൃദ്യമായി.
ദുആ പഠന സീരീസ്
അഞ്ച് നേരത്തെ നമസ്കാരത്തിലുൾപ്പടെ ജീവിതത്തിലെ വിവിധ സന്ദർഭങ്ങളിൽ ചൊല്ലേണ്ട പല പ്രാർത്ഥനകളുടെയും അർത്ഥം അറിയാത്ത അവസ്ഥ പലർക്കും ഉണ്ട്. പഠിച്ച പ്രാർത്ഥനകൾ പല കാരണങ്ങളാൽ മറന്ന് പോയ അവസ്ഥയും ഉണ്ടാകാം. ഇത്തരം പ്രാർത്ഥനകൾ റമദാൻ മാസത്തിൽ വീണ്ടും പഠിക്കാനും അർത്ഥം മനസ്സിലാക്കാനുമുള്ള സംവിധാനം ഒരുക്കുകയായിരുന്നു സോളിഡാരിറ്റിയുടെ കീഴിലുള ദാറുൽ അർഖം പഠന വേദി ‘ റബ്ബനാ ‘ എന്ന തലക്കെട്ടിൽ തയ്യാറാക്കിയ ദുആ പഠന സീരീസിൽ.
Maximizing Ramadan: Achieving a productive Work-Life Balance during Fasting”
വിവിധ പ്രൊഫഷനുകളിലും , വ്യത്യസ്ത ബിസിനസുകളിലും ഏർപ്പെടുന്നവരാണ് ഓരോരുത്തരും. ഓരോ മേഖലയിലും അതിൻ്റേതായ തിരക്കുകകളും മെൻ്റൽ സ്ട്രൈനുമൊക്കെയുണ്ട്. അതോടൊപ്പം കുടുംബം, പാരൻ്റിംഗ്, ഇബാദത്ത്, വ്യക്തിപരവും സംഘടിതവുമായ മറ്റ് ദീനീപ്രവർത്തനങ്ങൾ, വായന, പഠനം തുടങ്ങിയവയിൽ ഏർപ്പെടാൻ ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ പലപ്പോഴും ഇവയെല്ലാം സന്തുലിതമായി മുന്നോട്ട് കൊണ്ടുപോകാൻ പലരും വലിയ പ്രയാസമനുഭവിക്കാറുണ്ട്. ഈ ഒരു സാഹചര്യത്തിലാണ് മറ്റൊരു റമദാൻ കൂടി കടന്ന് വന്നത്.
വർക്ക് സപെയ്സിലെ തിരക്കുകൾക്കുമിടയിൽ റമദാനെ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം, ജീവിതത്തിലെ വ്യത്യസ്ത മേഖലകളെ സന്തുലിതമായി മുന്നോട്ടുകൊണ്ടുപോകുന്ന ലൈഫ് സ്റ്റൈൽ എങ്ങനെ രൂപപ്പെടുത്താം തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്യുന്ന പരിപാടി “Maximizing Ramadan: Achieving a productive Work-Life Balance during Fasting” എന്ന തലക്കെട്ടിൽ സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റി മാർച്ച് 22ന് ഓൺലൈനായി സംഘടിപ്പിച്ചു. മാധ്യമം സി.ഇ.ഒ പി.എം സാലിഹ് , സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി സുഹൈബ് എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു. ബിസിനസ്, പ്രൊഫണൽ മേഖലകളിൽ നിന്നുള്ള നിരവധി ആളുകൾ പരിപാടിയിൽ പങ്കെടുത്തു.
വൈവിധ്യങ്ങൾ നിറഞ്ഞ ഒരു ഇഫ്താർ
സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റി കോഴിക്കോട് ഹിറാ സെന്ററിൽ നടത്തിയ ഇഫ്താർ മീറ്റ് വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖ യുവതി – യുവാക്കളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി .സമൂഹത്തിൻ്റെ നിലപാടുകളെ സ്വാധീനിക്കാൻ ശേഷിയുള്ള മത-രാഷ്ട്രീയ യുവജന സംഘടനാ നേതാക്കൾ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ്, സിനിമാ പ്രവർത്തകർ, ആക്റ്റിവിസ്റ്റുകൾ, മാധ്യമ പ്രവർത്തകർ തുടങ്ങി നിരവധി പേരാണ് തിരക്കുകൾക്കിടയിലും സോളിഡാരിറ്റിയുടെ ക്ഷണം സ്വീകരിച്ച് കോഴിക്കോട് ഹിറ സെൻ്ററിൽ എത്തിച്ചേർന്നത്. പരസ്പരം സ്നേഹവും സൗഹൃദവും പങ്കുവെച്ച സദസ് സാമൂഹികവും ആത്മീയവുമായ ഊർജം പകർന്നു നൽകുന്നതായിരുന്നു.
യു.എ.പി.എ തടവുകാരുടെ
കുടുംബത്തോടൊപ്പം ഇഫ്താർ
അന്വേഷണ ഏജൻസികൾ വ്യാജ തിരക്കഥകളുണ്ടാക്കി യു. എ. പി എ ചാർത്തി വർഷങ്ങളായി വിചാരണ തടവുകാരെന്ന പേരിൽ ജയിലിലടച്ചിരിക്കുന്ന നിരപരാധികളുടെ പ്രിയപ്പെട്ട ഇണകളെയും മക്കളെയും മാതാപിതാക്കളെയും സഹോദരങ്ങളെയും ക്ഷണിച്ചുകൊണ്ട് സോളിഡാരിറ്റി നടത്തിയ ഇഫ്താർ ഏറെ വൈകാരികമായിരുന്നു.
ജയിലിൽ കിടക്കുന്നവരനുഭവിക്കുന്ന പ്രയാസങ്ങളും സംഘർഷങ്ങളും ഒട്ടും കുറവല്ലാതെ അനുഭവിക്കുന്നവരാണ് പുറത്തുള്ള അവരുടെ കുടുംബക്കാർ. ഒരു കാലത്ത് ആരെങ്കിലും യു.എ.പി.എ ചുമത്തപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ടാൽ ആ കുടുംബമായും വീട്ടുകാരുമായും അടുക്കാൻ പോലും ആളുകൾക്ക് ഭയവും ആശങ്കയുമായിരുന്നു. ഒരു തരത്തിലുള്ള സഹായവുമായും ആരും അവരുടെ പടി കടക്കുമായിരുന്നില്ല. അതിനൊക്കെ ഇന്നൊരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്. അന്വേഷണ ഏജൻസികളുടെ കഥകളെ തൊണ്ട തൊടാതെ വിഴുങ്ങുന്നവർ കുറഞ്ഞ് വരുന്നുണ്ട്. തീർച്ചയായും സോളിഡാരിറ്റിയക്കമുള്ളവരുടെ നിരന്തര ഇടപെലുകളുടെ ഫലം കൂടിയാണത് .
കുടുംബനാഥനില്ലാതിരിക്കുന്നത് ഒരു വീട്ടിലുണ്ടാക്കുന്ന പ്രതിസന്ധിയുടെ ആഴം നമുക്കറിയാം. ഓരോ മാസവും ഇവരുടെ കുടുംബത്തെ തേടിയെത്തുന്ന സോളിഡാരിറ്റിയുടെ സഹായഹസ്തം വലിയ ആശ്വാസമാണവർക്ക്.
അച്ചൻ കോവിൽ ഇഫ്താർ
അച്ചൻകോവിൽ നിവാസികൾക്ക് വേണ്ടി സംഘടിപ്പിച്ച ഇഫ്താർ മീറ്റ് ശ്രദ്ധേയമായി. കൊല്ലം ജില്ലയിലെ പുനലൂരിന് കിഴക്ക് കാടിനപ്പുറം തമിഴ്നാടതിർത്തിക്കടുത്ത് സഹ്യപർവതനിരകളുടെ മധ്യത്തിലുള്ള ഒരു കൊച്ചു ഗ്രാമമാണ് അച്ചൻകോവിൽ .സോളിഡാരിറ്റിയുടെ കമ്യൂണിറ്റി എംപവർമെൻ്റ് പ്രൊജക്റ്റിൽ ഉൾപ്പെട്ട പ്രധാന സ്ഥലമാണിത് .
ഏതാനും വർഷങ്ങൾക്ക് മുമ്പ്, അന്നത്തെ സോളിഡാരിറ്റി ജില്ല സെക്രട്ടറി അൻവർ ജോലി ആവശ്യാർഥം അവിടെയെത്തിയ ഒരു നോമ്പ് കാലത്ത് നോമ്പു തുറക്കാനായപ്പോൾ പള്ളി അന്വേഷിച്ച് ചെന്നു. ഒരു ചെറിയ ഷെഡ് . അതിൽ നോമ്പു തുറക്കാനായി വന്നവർക്ക് ഒരു ഈത്തപ്പഴത്തിൻ്റെ പകുതിയാണ് നൽകുന്നത്. അദ്ദേഹം കാര്യങ്ങളന്വേഷിച്ചു .മുപ്പത്തഞ്ചോളം മുസ്ലിം കുടുംബങ്ങൾ താമസിക്കുന്നുണ്ടവിടെ .സാമ്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്നവർ . പള്ളിയോ മദ്രസയോ ഖബ്ർസ്ഥാനോ ഇല്ല. അതിനാൽ തന്നെ ദീനി അറിവുകൾ ഒട്ടും ഇല്ല.
തൽക്കാലം ആ റമദാനിലെ നോമ്പ് തുറക്കുള്ള വിഭവങ്ങൾ സോളിഡാരിറ്റി പ്രവർത്തകർ അവിടെയെത്തിച്ചു. പിന്നീടുള്ള ആലോചനയിൽ നിന്നാണ് അവിടൊരു പള്ളി നിർമിക്കാൻ തീരുമാനിക്കുന്നത്. സോളിഡാരിറ്റിയുടെ കമ്യൂണിറ്റി എംപവർമെൻ്റ് പദ്ധതിയിലുൾപ്പെടുത്തി ഫണ്ട് കണ്ടെത്തി അത്യാവശ്യ സൗകര്യങ്ങളൊക്കെയുള്ള ഒരു പള്ളി നിർമിച്ചു . ഒരു ഇമാമിനെ നിയമിച്ചു. അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ ജുമുഅയും ഖുർആൻ ദർസും മദ്റസയും തുടങ്ങി. സോളിഡാരിറ്റി നടത്തുന്ന മഹല്ലായി അത് മാറി . ദീനി സംസ്കാരത്തെ കുറിച്ച് ഒട്ടും അറിവില്ലായിരുന്ന അവർ പതിയെ ചിട്ടവട്ടങ്ങളൊക്കെ പഠിച്ചു. നമസ്കരിക്കാൻ പോലുമറിയാതിരുന്ന അവരിൽ പലരും ഇന്ന് പള്ളിയുമായി ബന്ധപ്പെട്ട് സജീവമാണ്. തല മറക്കണം എന്ന് പോലുമറിയാതിരുന്ന പല സ്ത്രീകളും ജുമുഅക്കും ഖുർആൻ ക്ലാസിനും താൽപര്യപൂർവ്വം പങ്കെടുക്കുന്നു .
വിവിധ ജില്ലാ കമ്മിറ്റകൾ സംഘടിപ്പിച്ച ഇഫ്താറുകളും ശ്രദ്ധേയമായി. പതിവ് രീതികളിൽ നിന്ന് വ്യത്യസ്തമായി ഓരോ ജില്ലയും വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരെ കേന്ദ്രീകരിച്ചാണ് ഇഫ്താർ മീറ്റുകൾ നടത്തിയത്.
ഇഅ്തികഫ് സംഗമങ്ങൾ
‘അല്ലാഹു യുഹിബ്ബുക്ക’ എന്ന തലക്കെട്ടിൽ സംസ്ഥാനത്തുടനീളം ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇഅ്തികഫ് സംഗമം നടത്തി. സംസ്ഥാന ജില്ലാ നേതാക്കൾ വിവിധയിടങ്ങളിൽ സംഗമത്തെ അഭിമുഖീകരിച്ച് സംസാരിക്കുകയും നസീഹത്ത് കൈമാറുകയും ചെയ്തു. യുവാക്കളുടെ വർധിച്ച പങ്കാളിത്തം കൊണ്ടും ആത്മീയാനൂഭി കൊണ്ടും സജീവമായിരുന്നു സംഗമങ്ങൾ.
ഇഫ്താർ കിറ്റ് വിതരണം
വിവിധ ഏരിയാ പ്രാദേശിക തലങ്ങളിൽ സോളിഡാരിറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ കിറ്റ് വിതരണങ്ങൾ നടന്നു. സോളിഡാരിറ്റി കമ്യൂണിറ്റി എംപവർമെൻ്റ് പദ്ധയിൽ ഉൾപ്പെട്ട പ്രദേശങ്ങളിൽ പ്രത്യേകമായും മറ്റിടങ്ങളിൽ പൊതുവെയും വിതരണം ചെയ്യപ്പെട്ട ഇഫ്താർ കിറ്റുകൾ കുടുംബങ്ങൾക്ക് ആശ്വാസമേകി.