President's Comment

ആരോഗ്യ പ്രവര്‍ത്തകരുടെ അവകാശങ്ങള്‍ക്കൊപ്പം രോഗികളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടണം- സുഹൈബ് സി.ടി

പൊലീസ് പരിശോധനക്കെത്തിച്ച മയക്കുമരുന്നിനും മറ്റും അടിമയായൊരു അധ്യാപകന്‍ യുവഡോക്ടറെ കുത്തിക്കൊന്ന സംഭവത്തിന്റെ പശ്ചാതലത്തില്‍ സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ സുരക്ഷയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കഴിഞ്ഞ ആഴ്ചകളില്‍ ഉയര്‍ന്നുവന്നിരുന്നു. ഉടനെ പ്രതിഷേധങ്ങളുയരുകയും കോടതി ഇടപെട്ട് സര്‍ക്കാറും നിയമപാലകരും ഉടന്‍ ഇടപെടലുകള്‍ നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ പ്രസ്തുത സംഭവത്തില്‍ തന്നെ വില്ലനായ ലഹരിപോലുള്ള കാര്യങ്ങളിലേക്കൊന്നും ചര്‍ച്ച വികസിച്ചില്ല. ദിവസങ്ങള്‍ക്കകം 2012ലെ കേരള ആരോഗ്യരക്ഷാ സേവന പ്രവര്‍ത്തകരും ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളും (അക്രമവും സ്വത്തിനുള്ള നാശവും തടയല്‍) എന്ന ആക്ടിനെ ഭോദഗതി ചെയ്ത് ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന അറിയിപ്പോടെ 2023ലെ 1ാം നമ്പര്‍ ഒര്‍ഡിനന്‍സായി പുതിയ നിയമം നടപ്പാക്കി. ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷക്കായി നിയമം അനിവാര്യമാണ്. എന്നാല്‍ വിപുലമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ച സര്‍ക്കാര്‍ രോഗികളുടെ അവകാശങ്ങളെക്കുറിച്ച് കാര്യമായൊരുന്നും പറയുന്നില്ല. ഇത് വലിയ ആശങ്കയുളവാക്കുന്ന കാര്യതന്നെയാണ്.

ഈ നിയമത്തിന്റെ പരിതിയില്‍ ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങള്‍ എന്നതില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് പുരമേ അംഗീകരിക്കപ്പെട്ട എല്ലാ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളും ഉള്‍പെടും. എന്നാല്‍ കേരളത്തില്‍ വലിയ വ്യവസാ മേഖലയായി മാറിയ ആരോഗ്യരംഗത്തെ എല്ലാ കുത്തകകള്‍ക്കും സംരക്ഷണം നല്‍കാന്‍ കൂടി ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുള്ള ഓര്‍ഡിനന്‍സ് കൂടിയായാണ് ഇതിനെ കാണാനാവുക. ഓര്‍ഡിനന്‍സിലെ ചില ഭേദഗതികള്‍ ഈ ആശങ്ക ശക്തമാക്കുന്നുണ്ട്.
ആരോഗ്യ പ്രവര്‍ത്തകര്‍ എന്നതിന്റെ നിര്‍വചനത്തില്‍ ഇതുവരെ ഉള്‍പ്പെട്ടിരുന്നവര്‍ക്ക് പുറമേ മാനേജ്‌മെന്റും അതുമായി ബന്ധപ്പെട്ട മാനേജീരിയല്‍ സ്റ്റാഫുമടക്കമുള്ള എല്ലാരെയും ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇതിലൂടെ ആരോഗ്യകച്ചവടത്തിന് ചുക്കാന്‍ പിടിക്കുന്ന കുത്തകകളെ സംരക്ഷിക്കാനും മാനേജ്‌മെന്റിനെതിരെയുള്ള രോഗികളുടെയോ ബന്ധുക്കളുടെയോ പ്രതികരണങ്ങളെ ഇല്ലാതാക്കാനും വഴിയൊരുക്കും.
ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അക്രമം എന്നതില്‍ ഇതുവരെ ഉണ്ടായിരുന്നത് ശാരീരികമായ പരിക്കും സ്വത്തുവകകള്‍ക്കുള്ള നാശവുമായിരുന്നു. എന്നാല്‍ പുതിയ ഭേദഗതിയില്‍ വാക്കാലുള്ള അപമാനം എന്ന് ചേര്‍ത്തിട്ടുണ്ട്. ഇത് വ്യാപകമായ ദുരുപയോഗത്തിന് സാധ്യത നല്‍കുന്നുണ്ട്. മുകളില്‍ പറഞ്ഞതുപോലെ സ്വകാര്യ ആരോഗ്യ കച്ചവടക്കാരും മറ്റും നടത്തുന്ന എന്ത് അക്രമത്തിനെയും രോഗികള്‍ അംഗീകരിക്കേണ്ടിവരും. അതിനെതിരെ പ്രതിഷേധത്തിന്റെ വാക്കുകളുയര്‍ത്തുന്നതും പ്രതികരിക്കുന്നതും എല്ലാം അക്രമം എന്ന പരിതിയില്‍ വരികയും വലിയ ശിക്ഷക്ക് കാരണമാകുകയും ചെയ്യും. രോഗികളെ ചികിത്സാ കച്ചവടത്തിന്റെ ഇരകളാക്കുന്നതിന് പുറമേ അതിനെതിരെ പ്രതികരിക്കുന്നവരെ അടിച്ചൊതുക്കി ഇല്ലാതാക്കാനും ഈ നിയമം ഉപയോഗിക്കപ്പെടും.
ശിക്ഷയുടെ വര്‍ധനയും നിയമനടത്തിപ്പിലെ വേഗതയും പുതിയ ഓര്‍ഡിനന്‍സ് ഉറപ്പാക്കുന്നുണ്ട്. അധികാരവും പണവും സ്വാധീനവുമുള്ളവര്‍ക്ക് ഈ നിയമങ്ങള്‍ ദുരുപയോഗം ചെയ്ത് രോഗികളെ ഇരകളാക്കാനുള്ള അവസരം ഇത് വര്‍ധിപ്പിക്കുന്നുണ്ട്. പിന്നാക്കക്കാരും ദരിദ്രരുമായ രോഗികള്‍ക്ക് നിയമസഹായങ്ങളും മറ്റും ലഭ്യമാകുന്നതിന് മുമ്പെ അവര്‍ പീഡിപ്പിക്കപ്പെടാന്‍ ഇത് കാരണമാകും. ആരോഗ്യപ്രവര്‍ത്തകരും രോഗികളും ശത്രുതയോടെ പരസ്പരം കാണണമെന്ന സന്ദേശമാണിത് നല്‍കുന്നത്. ഈ മാനസികാവസ്ഥ ഒരിക്കലും നല്ലതിനല്ല.

സ്വകാര്യ മുതലാളിമാരെ സംരക്ഷിക്കാനുള്ള വലിയ സാധ്യതയായി ഈ നിയമം ഉപയോഗപ്പെടുത്തപ്പെടുകയാണുണ്ടാവുക. പ്രത്യേകിച്ചും വലിയ സ്വാധീനങ്ങളുള്ള കുത്തകകള്‍ക്ക് നിയമവഴികള്‍ ഇപ്പോഴേ എളുപ്പമാണ്. ദുര്‍ബലരായ രോഗികള്‍ക്കാകട്ടെ നിയമത്തിന്റെ സാധ്യതകള്‍ ഉപയോഗിക്കാന്‍ സാധിക്കാത്ത അവസ്ഥയും വരും. ഈയടുത്ത കാലത്ത് തന്നെ ആശുപത്രികളിലുണ്ടായ ചില സംഭവങ്ങളില്‍ രോഗികള്‍ ഇരകളാക്കപ്പെട്ടിരുന്നു. അത്തരം സംഭവങ്ങളിലെല്ലാം നിയമത്തിന്റെ പഴുതുകളുപയോഗിച്ച് കുറ്റക്കാര്‍ രക്ഷപ്പെടുകയാണ് ചെയ്തത്. ഇത്തരം പ്രവര്‍ണതകള്‍ വര്‍ധിക്കാനും ഈ സാഹചര്യം കാരണമാകും.

പുതിയ ഭേദഗതിയില്‍ ആശുപത്രിയുടെ സംരക്ഷണത്തിന് പ്രത്യേക സുരക്ഷാ സേനയുടെ രൂപീകരണവും മറ്റ് ആധുനിക സംവിധാനങ്ങളും പറയുന്നുണ്ട്. രോഗികളും ആരോഗ്യപ്രവര്‍ത്തകരും തമ്മിലുള്ള മാനുഷിക ബന്ധങ്ങളെ ഒട്ടു പരിഗണിക്കാതെയുള്ള ആധുനിക അധികാര യുക്തിയാണിത്. പൗരാവകാശത്തെക്കാള്‍ ദേശസുരക്ഷക്ക് പ്രാധാന്യം നല്‍കണമെന്ന ദേശരാഷ്ട്ര യുക്തി തന്നെയാണ് ഇവിടെയും പ്രവര്‍ത്തിക്കുന്നതും.

Latest Updates