കോഴിക്കോട്: മാസങ്ങള്‍ക്ക് മുമ്പ് നടത്തിയ മതപ്രഭാഷണത്തിന്റെ പേരില്‍ ഫറൂഖ് ട്രൈനിംഗ് കോളേജ് അധ്യാപകന്‍ ഡോ. മുനവ്വര്‍ ജൗഹറിനെതിരെ ചാര്‍ത്തിയ കേസ് പൊലീസിന്റെയും സര്‍ക്കാറിന്റെയും മുസ്ലിം വിരുദ്ധ നിലപാടുകളുടെ തുടര്‍ച്ചയാണെന്നും കേസ് പിന്‍വലിക്കണമെന്നും സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.എം സാലിഹ്. മതവിഭാഗത്തിന്റെ അഭ്യന്തര പരിപാടിയില്‍ നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ വിവാദമാക്കിയിരിക്കുന്നത്. ചില ഗൂഢാലോചനകളുടെ ഫലമായാണ് മുമ്പ് നടന്ന പ്രഭാഷണത്തില്‍ നിന്നും ചെറിയ ഭാഗം മാത്രം മുറിച്ചെടുത്ത് ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. ഫറൂഖ് കോളേജില്‍ നടന്ന അക്രമ സംഭവങ്ങളെ ഗതി തിരിച്ചു വിടാനും മുസ്ലിം വിരുദ്ധ പ്രചാരണങ്ങള്‍ക്ക് ശക്തി പകരാനുമാണ് ഈ കേസും പ്രചാരണങ്ങളും കാരണമാകുക. വിവാദമായ ഫറൂഖ് കോളേജ് സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സദാചാര വിഷയവുമായി ബന്ധപ്പെട്ട് കേരളത്തില്‍ നിലനില്‍ക്കുന്ന ലിബറല്‍ വാദങ്ങളോടും സവര്‍ണ താല്‍പര്യങ്ങളോടും ചേര്‍ന്നു നില്‍ക്കാനുള്ള ധൃതിയാണ് സര്‍ക്കാര്‍ കാട്ടുന്നത്. അധ്യാപകന്റെ പ്രഭാഷണം വിവാദമായ പശ്ചാത്തലത്തില്‍ നിഷ്പക്ഷമായ അന്വേഷണം സര്‍ക്കാറിന് നടത്താവുന്നതാണ്. എന്നാല്‍, പൗരാവകാശങ്ങളെ വെല്ലുവിളിക്കും വിധം ഐ.പി.സി 354 A 509 വകുപ്പ് പ്രകാരം കേസെടുക്കാനാണ് പോലീസ് ശ്രമിക്കുന്നത്. ഇത് കേരളത്തിലെ മുസ്ലിം വിരുദ്ധ പൊതുബോധത്തെ തൃപ്തിപ്പെടുത്താനുള്ള പോലീസിന്റെയും സര്‍ക്കാറിന്റേയും ശ്രമമാണെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരണമെന്നും അദ്ദേഹം പറഞ്ഞു.