Press Release

ധീരമായ ജാഗ്രത പുലര്‍ത്തേണ്ട കാലം- സോളിഡാരിറ്റി

കോഴിക്കോട്: വിദ്വേഷ പ്രചരണങ്ങളിലൂടെ സംഘ്പരിവാര്‍ രാജ്യത്ത് വീണ്ടും അധികാരത്തിലെത്തിയ സന്ദര്‍ഭത്തില്‍ പൗരസമൂഹവും കൂട്ടായ്മകളും കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള. തെരഞ്ഞെടുപ്പ് കാലത്തുതന്നെ വ്യാപകമായ അക്രമങ്ങളും കൈകടത്തലുകളു നടന്നെന്ന ആരോപണത്തോടൊപ്പം മോദിയുടെ വിജയം വ്യക്തമാക്കുന്ന ഫലം പുറത്തുവന്ന ഉടനെ തന്നെ മുസ്ലിംകള്‍ക്കെതിരെ വ്യക്തമായ വംശീയ അക്രമങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പശുരക്ഷയുടെ പേരില്‍ ദമ്പതികളെയടക്കം ക്രൂരമായി ആള്‍കൂട്ടം മര്‍ദ്ദിച്ചതും ബീഹാറിലെ ബഗുസരായില്‍ പേര് ചോദിച്ച് വെടിയുതിര്‍ത്തതുമെല്ലാം മീഡിയകള്‍ പരിഗണിച്ച ചില സംഭവങ്ങളാണ്. എന്നാല്‍ അതിനപ്പുറം ധാരാളം അക്രമങ്ങളും കയ്യേറ്റങ്ങളും നടന്നതായി സോഷ്യല്‍ മീഡിയകളിലൂടെയും മറ്റും അറിയാനാകുന്നുണ്ട്. കേരളത്തിന്റെ തന്നെ പല ഭാഗങ്ങളിലും പേര് ചോദിച്ച് മുസ്ലിമാണെന്ന് അറിഞ്ഞപ്പോള്‍ മര്‍ദ്ദിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഉത്തരേന്ത്യയിലെ പലയിടത്തും ജാതീയമായ അക്രമങ്ങളും വ്യാപകമായിട്ടുണ്ട്. ദിലിത് ദമ്പതികള്‍ അക്രമിക്കപ്പെട്ടത് അവസാന സംഭവമായിരുന്നു.
തെരഞ്ഞെടുപ്പ് ക്രമക്കേട്, സംഘ്പരിവാറിന്റെ അക്രമങ്ങള്‍ എന്നിവയെ കുറിച്ച് സംസാരിക്കുന്നവരെ പ്രത്യേകം ടാര്‍ജറ്റ് ചെയ്യുന്ന നിയമ നടപടികളും അക്രമങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങള്‍ തന്നെ നടപ്പാക്കുന്നുണ്ട്. വോട്ടുയന്ത്രവുമായി ബന്ധപ്പെട്ട് പരാതികളുന്നയിച്ചവര്‍ക്കെതിരെയെല്ലാം കേസെടുക്കുകയും അവരെ നിശബ്ദരാക്കാന്‍ ശ്രമിക്കുകയും ചെയ്തത് ഇതിന്റെ ഭാഗമായിരുന്നു. വ്യക്തമായ ഭൂരിപക്ഷത്തില്‍ അധികാരത്തിലേറിയതോടെ ബി.ജെ.പി ചെയ്യുന്ന വലിയൊരു ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനമാണ് നിലവില്‍ വിവിധ സംസ്ഥാനങ്ങള്‍ ഭരിക്കുന്ന സര്‍ക്കാറുകളെ അസ്ഥിരപ്പെടുത്തുകയെന്നത്. അതിനായി അധികാരവും സി.ബി.ഐ, ഇന്റലിജന്‍സ് പോലുള്ള ഭരണഘടനാ സ്ഥാപനങ്ങളും പണവും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. വിവിധ പാര്‍ട്ടികളില്‍നിന്നുള്ള ജനപ്രതിനിധികളെ ബി.ജെ.പിയിലെത്തിക്കാന്‍ വന്‍ കുതിരകച്ചവടങ്ങളാണ് സര്‍ക്കാര്‍ മുന്‍കയ്യില്‍ നടക്കുന്നത്. ഇത് ജനാധിപത്യത്തെതന്നെ ദുര്‍ബലപ്പെടുത്തും.
ഈ സന്ദര്‍ഭത്തില്‍ കൂടതുതല്‍ ജാഗ്രതയോടെയും സൂക്ഷമതയോടെയും വിദ്വേഷത്തിന്റെ രാഷ്ട്രീയത്തെ ചെറുക്കാന്‍ നമുക്കാവണം. വിവിധ ആശയധാരകളിലുള്ളവര്‍ക്ക് ഭിന്നിപ്പുകള്‍ മറന്ന് പരസ്പരം സഹകരിക്കാനും സഹായിക്കാനുമാകണം. അതോടൊപ്പം ഓരോ വിഭാഗങ്ങളും സംഘ്പരിവാറിന്റെ വേട്ടകള്‍ക്ക് ധാര്‍മികവും ആശയപരവുമായ പിന്തുണ തങ്ങള്‍ നല്‍കുന്നില്ലെന്ന് ഉറപ്പാക്കണം. മുസ്ലിം അപരവല്‍കരണത്തില്‍ പടുത്തുയര്‍ത്തപ്പെട്ട സംഘ്അജണ്ടകള്‍ക്ക് സഹായകമാകുന്ന രീതിയില്‍ ഇസ്ലാമോഫോബിയ പ്രചാരണങ്ങളില്‍ പങ്കാളികളാകുന്നില്ലെന്ന് ഉറപ്പാക്കുക, സമൂഹത്തില്‍ അടിയുറച്ച് ജാതിബോധങ്ങളുടെ ഭാഗമായി തങ്ങളില്‍നിന്ന് അനീതികള്‍ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കുക തുടങ്ങി സ്വയംവിമര്‍ശനാത്മക നിലപാടുകളും ഒപ്പം സംഘ്അജണ്ടകളെ ചെറുക്കാനാകുന്ന ധീരമായ പദ്ധതികള്‍ ഒരുമിച്ച് രൂപപ്പെടുത്താനും സാധിക്കണം. അതിലൂടെ മാത്രമേ കൂടുതല്‍ ഉള്‍കൊള്ളല്‍ ശേഷിയുള്ളൊരു ഭാവിജനാധിപത്യത്തെ വികസിപ്പിക്കാനാകൂ എന്നും നഹാസ് മാള കൂട്ടിച്ചേര്‍ത്തു.

Latest Updates