കോഴിക്കോട്: സംസ്ഥാനത്ത് പുതുതായി ആരംഭിക്കുന്ന കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസില്‍ സംവരണത്തെ സംബസിച്ച ഭരണഘടനാ തത്വങ്ങള്‍ ലംഘിക്കാനുള്ള നീക്കത്തെ അംഗീകരിക്കാനാവില്ലെന്ന് വിവിധ സംവരണ പിന്നാക്ക സമുദായ നേതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി. സംവരണ സമുദായങ്ങളെ ഉന്നത ഉദ്യോഗസ്ഥ മേഖലയില്‍ നിന്നും അകറ്റി നിര്‍ത്തുന്നതിന് സര്‍ക്കാറും പി.എസ്സിയും ഒത്തുകളിക്കുകയാണ്. 50 ശതമാനം സംവരണമെന്ന തത്വത്തിന് ഭിന്നമായി 16 ശതമാനം മാത്രമായി പരിമിതപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. തീര്‍ത്തും പുതിയ തസ്തികയാണെന്നിരിക്കെ, സര്‍ക്കാര്‍ സര്‍വീസില്‍ നിന്നുള്ളവര്‍ക്ക് സംവരണം നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ല. സംവരണ വിരുദ്ധരുടെ സമര്‍ദ്ദങ്ങള്‍ക്ക് വഴങ്ങുകയാണ് സര്‍ക്കാര്‍. സംവരണത്തിനെതിരായ നിലപാടുകള്‍ ഇടതുപക്ഷ ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്നും നിരന്തരം ഉണ്ടാവുന്നുണ്ട്. കെ.എ.എസില്‍ 50 ശതമാനം സംവരണം നടപ്പാക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാവുന്നില്ലെങ്കില്‍ സംവരണ, പിന്നാക്ക സമുദായങ്ങളുടേയും സമാന മനസ്‌കരുടെയും നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടുവരുമെന്നും നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു.
പ്രസ്താവനയില്‍ ഒപ്പുവെച്ചവര്‍
ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, ജസ്റ്റിസ് പി. കെ.ശംസുദ്ധീന്‍, എം.ഐ. അബ്ദുള്‍ അസീസ്, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, അഡ്വ.സി.കെ. വിദ്യാസാഗര്‍, ഒ. അബ്ദുറഹ്മാന്‍, കെ.കെ. കൊച്ച്, നീലലോഹിതദാസന്‍ നാടാര്‍, തൊടിയൂര്‍ മുഹമ്മദ് മൗലവി, സി.പി. ജോണ്‍, ഡോ. ഫസല്‍ ഗഫൂര്‍, അഡ്വ. കെ.പി. മുഹമ്മദ്, കെ. അംബുജാക്ഷന്‍, കെ.ഇ.എന്‍, ശൈഖ് മുഹമ്മദ് കാരക്കുന്ന്, എന്‍.പി.ചെക്കുട്ടി, എന്‍.കെ. അലി, അബ്ദുള്‍ ഹമീദ് വാണിയമ്പലം, പി. എം. സാലിഹ്, കെ.കെ. ബാബുരാജ്, എസ്. ഇര്‍ഷാദ്, കടക്കല്‍ ജുനൈദ്, സി.ടി. സുഹൈബ്, അഫീദ അഹ്മദ്