News & Updates

ഫാഷിസ്റ്റ് കാലത്ത് നീതിക്കായുള്ള ശബ്ദങ്ങള്‍ അനിവാര്യം – അനുസ്മരണ സദസ്സ്

Gopinathapillai

കോഴിക്കോട്: രാജ്യത്തെ വിവിധ തരത്തില്‍ കീഴ്പെടുത്തുകയും ജനാധിപത്യത്തെ ഇല്ലാതാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ഫാഷിസ്റ്റ് കാലത്ത് നീതിക്ക് വേണ്ടി ശബ്ദിക്കുന്ന വ്യക്തികള്‍ അനിവാര്യമാണെന്നും അതിന് മികച്ച ഉദാഹരണങ്ങളായിരുന്നു അടുത്ത കാലത്ത് വിട പറഞ്ഞ ജസ്റ്റിസ് രജീന്ദ്ര സച്ചാറും ഗോപിനാഥന്‍ പിള്ളയുമെന്നും സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംഘടിപ്പിച്ച അനുസ്മരണ സദസ്സ് അഭിപ്രായപ്പെട്ടു. ഫാഷിസം മുസ്ലിംകളെയും മറ്റ് പിന്നാക്ക വിഭാഗങ്ങളെയും അപരവല്‍കരിച്ചാണ് അതിന്റെ സ്വാധീനം ഇവിടെ ഉറപ്പിക്കുന്നത്. സംഘ്പരിവാര്‍ കാലങ്ങളായി നടത്തിയ ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് അവര്‍ നേരിട്ട് അധികാരത്തിലേറിയത്. അവരുടെ അജണ്ടകളെ തിരിച്ചറിഞ്ഞ് പ്രതിരോധം തീര്‍ക്കാന്‍ ശ്രമം നടത്തിയവരാണ് ഇവിടെ അനുസ്മരിക്കപ്പെടുന്നവരെന്നും സംഗമം കൂട്ടി ചേര്‍ത്തു.
ഫാഷിസ്റ്റ് വിരുദ്ധ സമരങ്ങളെ ലാഘവബുദ്ധിയോടെ സമീപിക്കുന്നത് അപകടകരമാണ്. ഗോപിനാഥ പിള്ളയുടെ ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടം അമിത് ഷായെ പോലെയുള്ള വ്യക്തികള്‍ക്കെതിരില്‍ മാത്രമായിരുന്നില്ല. അമിതാധികാര പ്രയോഗത്തിലൂടെ വംശീയ രാഷ്ട്രീയം നടപ്പിലാക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്ന ഫാഷിസ്റ്റ് ആശയധാരക്കെതിരിലായിരുന്നു. വ്യക്തിപരമായ പല നഷ്ടങ്ങള്‍ക്കിടയിലും അദ്ദേഹം നടത്തിയ പോരാട്ടത്തിനു അദ്ദേഹത്തിന് വേണ്ടത്ര പിന്തുണ ലഭിച്ചിരുന്നില്ല എന്നത് ഒരു യാഥാര്‍ഥ്യമാണ്. സമകാലിക ഇന്ത്യയില്‍ മുസ്ലിം സാമൂഹത്തെ സംബന്ധിച്ച സംഘ് പരിവാറിന്റെയും സവര്‍ണ്ണ അധികാര കേന്ദ്രങ്ങളുടെയും നിരന്തരമായ വ്യാജ പ്രചാരണങ്ങളെ നീതിയുടെയും സത്യത്തിന്റെയും പക്ഷത്തു നിന്ന് പ്രതിരോധിച്ച വ്യക്തിത്വം എന്ന നിലയില്‍ ജസ്റ്റിസ് രജീന്ദര്‍ സച്ചാറിനെ സ്മരിക്കുന്നത് ശക്തമായ ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടമാണെന്നു പറയാം. പൗരാവകാശ ലംഘനത്തിന്റെയും അമിതാധികാര പ്രയോഗങ്ങളുടെയും നുണപ്രചാരണങ്ങളുടെയും വംശീയ രാഷ്ട്രീയത്തിന്റെയും കാലത്തു ഗോപിനാഥന്‍ പിള്ളയും രജീന്ദര്‍ സച്ചാറും നീതിബോധത്തിന്റെയും പോരാട്ടത്തിന്റെയും പ്രതീകങ്ങളായിരുന്നെന്നും സംഗമത്തില്‍ സംസാരിച്ചവര്‍ പറഞ്ഞു.
സദസ്സില്‍ സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.എം സാലിഹ് അധ്യക്ഷത വഹിച്ചു. ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ അനുസ്മരണ പ്രഭാഷണം മാധ്യമംമീഡിയാവണ്‍ ഗ്രൂപ്പ് എഡിറ്റര്‍ ഒ അബ്ദുറഹ്മാന്‍, ഗോപിനാഥന്‍ പിള്ള അനുസ്മരണ പ്രഭാഷണം പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകന്‍ കെ.ഇ.എന്‍ എന്നിവര്‍ നിര്‍വഹിച്ചു. ഡോ. പി.കെ പോക്കര്‍, എന്‍.പി ചെക്കുട്ടി, കെ.കെ ഷാഹിന, ഹസനുല്‍ബന്ന, സി.കെ അബ്ദുല്‍ അസീസ് എന്നിവര്‍ സംസാരിച്ചു. സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ഉമര്‍ അലത്തൂര്‍ സ്വാഗതവും ജില്ലാ ജനറല്‍ സെക്രട്ടറി അഷ്‌കര്‍ നന്ദിയും പറഞ്ഞു.

Latest Updates