മലപ്പുറം: ‘ഇസ്‌ലാം കേരളത്തിന്റെ നവോത്ഥാന ശക്തി’ എന്ന തലക്കെട്ടില്‍ സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റി നടത്തുന്ന നവോത്ഥാന സമ്മേളനം ഡിസംബര്‍ 29, ശനിയാഴ്ച വൈകുന്നേരം 4.30ന് മലപ്പുറം ടൗണ്‍ ഹാളില്‍ നടക്കും. ദിവസങ്ങളായി കേരളീയ പൊതുമണ്ഡലത്തില്‍ നവോത്ഥാനമെന്നത് മുഖ്യ ചര്‍ച്ചാ വിഷയമാണ്. ശബരിമല സ്ത്രീ പ്രവേശനവുമായും വനിതാമതിലുമായും ബന്ധപ്പെട്ട് കേരള നവോത്ഥാനമെന്ന ആശയം കൂടുതല്‍ വ്യക്തമായി ഉയര്‍ന്നുവന്നിരിക്കുന്നു. ഈയവസരത്തില്‍ ഒരിക്കലും വിസ്മരിക്കാന്‍ സാധിക്കാത്തവിധം ചരിത്രത്തില്‍ രേഖപ്പെട്ടുകിടക്കുന്നൊരു യാഥാര്‍ഥ്യമാണ് കേരളീയ നവോത്ഥാനത്തില്‍ ഇസ്‌ലാം വഹിച്ച പങ്ക്. സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക-അവകാശ മേഖലകളിലുണ്ടായിരുന്ന അസമത്വങ്ങള്‍ക്കെതിരായ പ്രവര്‍ത്തനങ്ങളിലും ഗതാഗതം പോലുള്ള ഭൗതിക വികസനങ്ങളിലും ഈ സ്വാധീനം നമുക്ക് കാണാം. കച്ചവടക്കാരായും യാത്രക്കാരായും കേരളത്തിലെത്തിയ മുസ്‌ലിം പൂര്‍വികര്‍ കേരളത്തിന് മറക്കാനാവാത്ത മൂല്യങ്ങളും വികാസങ്ങളും പകര്‍ന്ന് നല്‍കിയിരുന്നു. അധിനിവേശത്തിനെതിരായ പോരാട്ടത്തിലും മുസ്‌ലിംകള്‍ വലിയ സംഭാവനകള്‍ നല്‍കി. ടിപ്പുസുല്‍ത്താന്റെ കേരളത്തിലേക്കുള്ള വരവ് ഗതാഗതം പോലുള്ള പൊതുസംവിധാനങ്ങള്‍ വികസിപ്പിച്ചതോടൊപ്പം എല്ലാ ജാതിവിഭാഗങ്ങള്‍ക്കും പൊതുനിരത്തുകളിലൂടെ നടക്കാനുള്ള അവകാശം കൂടിയാണ് നേടിക്കൊടുത്തത്. കേരള ചരിത്രത്തില്‍ ഇന്നും ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും ഭാഗത്തുനിന്നുള്ള സ്വാധീനങ്ങള്‍ തുടരുന്നുണ്ട്. സാമൂഹികം, രാഷ്ട്രീയം, സാമ്പത്തികം, കലാസാംസ്‌കാരികം തുടങ്ങി വിവിധ മേഖലകളില്‍ ഇത്തരം സ്വാധീനങ്ങള്‍ കാണാനാകും. ഇവയെ ഓര്‍മിപ്പിക്കുന്ന പരിപാടിയാണ് നവോത്ഥാന സമ്മേളനം.
കേരളത്തില്‍ ശക്തിപ്പെട്ടുവന്നുകൊണ്ടിരിക്കുന്ന മുസ്‌ലിംവിരുദ്ധ പ്രചാരണങ്ങള്‍ക്കിടയില്‍ ഇസ്‌ലാമിന്റെ സംഭാവനകള്‍ ജനങ്ങളിലേക്കെത്തിക്കുന്നതിന് വലിയ പ്രാധാന്യമുണ്ട്. ഇവിടെ കൂടുതല്‍ സൗഹാര്‍ദത്തോടെ പരസ്പര സഹകരണത്തോടെ ആളുകള്‍ക്ക് ജീവിക്കാനും വിദ്വേഷങ്ങളില്ലാതാക്കാനും ഇത്തരം അറിവുകള്‍ കൈമാറപ്പെടല്‍ അനിവാര്യമാണെന്ന ബോധത്തില്‍ നിന്നാണ് സോളിഡാരിറ്റി ഈ പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടി ഉദ്ഘാടനം ചെയ്യുന്നത് ജമാഅത്തെ ഇസ്‌ലാമി ദേശീയ ഉപാധ്യക്ഷന്‍ സയ്യിദ് സആദത്തുല്ല ഹുസൈനിയാണ്. എം.പി അബ്ദുസ്സമദ് സമദാനി, ഡോ. ടി.ടി ശ്രീകുമാര്‍, ഡോ. കെ.എസ് മാധവന്‍, ശൈഖ് മുഹമ്മദ് കാരക്കുന്ന്, അനൂപ് വി.ആര്‍, പി റുക്‌സാന, പി.എം സാലിഹ്, സമദ് കുന്നക്കാവ്, എം.സി നസീര്‍, സമീര്‍ കാളികാവ് എന്നിവര്‍ സമ്മേളനത്തെ അഭിസംബോധനം ചെയ്ത് സംസാരിക്കും.