പെണ്‍കുട്ടി പ്രണയത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെട്ടെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ നടക്കുന്ന ലൗജിഹാദ് പ്രചാരണത്തിലൂടെ മുസ്‌ലിം വിരുദ്ധത പരത്തല്‍ മാത്രമാണ് ലക്ഷ്യമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള. ഇത്തരം പ്രചാരണങ്ങളിലൂടെ സാമുദായിക സൗഹാര്‍ദം തകര്‍ക്കാനുള്ള ശ്രമമാണ് മീഡിയകളെ കൂട്ടുപിടിച്ച് നടക്കുന്നതെന്നും സര്‍ക്കാറും പൊലീസും വിഷയത്തില്‍ ഇടപെട്ട് ഇത്തരം വ്യാജപ്രചാരണങ്ങള്‍ തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ വര്‍ഷം സുപ്രീംകോടതിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം കേരളത്തിലെ 89 മിശ്രവിവാഹങ്ങളില്‍ ലൗജിഹാദ് ഉണ്ടോ എന്ന് എന്‍.ഐ.എ അന്വേഷിച്ചിരുന്നു. 89-ല്‍ തെരഞ്ഞെടുത്ത 11 കേസുകളില്‍ പ്രത്യേക അന്വേഷണം നടത്തിയ എന്‍.ഐ.എ ലൗജിഹാദ് ഇല്ലെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ കോഴിക്കോട് നടന്നെന്ന് പറയുന്ന പീഡനത്തെ മുന്‍നിര്‍ത്തി ചില പത്രമാധ്യമങ്ങളും സംഘ്പരിവാറും ലൗജിഹാദിന്റെ പേരില്‍ മുസ്‌ലിംവിരുദ്ധത പ്രചരിപ്പിക്കുകയാണ്. ക്രിസ്ത്യന്‍ വിഭാഗത്തെ പ്രത്യേകമായി ലക്ഷ്യംവെച്ച് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി ആരോപിച്ച് ഇവിടെ നിലനില്‍ക്കുന്ന സാമുദായിക സൗഹാര്‍ദം തകര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ഇതിനെതിരെ ക്രമസമാധാന പാലനത്തിന്റെ ഭാഗമായി സര്‍ക്കാര്‍ നിയമനടപടികള്‍ സ്വീകരിക്കണം. എന്‍.ഐ.എ ലൗജിഹാദല്ലെന്ന് സുപ്രീംകോടതിയില്‍ സാക്ഷ്യപ്പെടുത്തിയ കേസുകളിലേക്ക് ബന്ധിപ്പിച്ചാണ് ഇപ്പോള്‍ പത്രങ്ങളും സംഘ്പരിവാറും കഥകള്‍ പ്രചരിപ്പിക്കുന്നത്. ആസൂത്രിതമായ മുുസ്‌ലിംവിരുദ്ധ പ്രചാരണത്തിന്റെ ഭാഗമാണിത്. അതിനാല്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും നഹാസ് പറഞ്ഞു.
കേസില്‍ എന്‍.ഐ.എയും കേന്ദ്ര ഇന്റലിജന്‍സും ഇടപെട്ടെന്നും വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുണ്ട്. മുസ്‌ലിംവിരുദ്ധ നടപടികളുമായി മുന്നോട്ടുപോകുന്ന സംഘ്പരിവാര്‍ സര്‍ക്കാറിന്റെ ഇത്തരം നടപടികള്‍ക്കെതിരെ വിശാലമായ പ്രതിരോധം ഉയര്‍ന്നുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.