കോഴിക്കോട് : മുസ്‌ലിം വംശഹത്യക്ക് കളമൊരുക്കുന്ന വഖഫ് ഭേദഗതി ബിൽ പിൻവലിക്കുക എന്ന ആവശ്യമുന്നയിച്ചു സോളിഡാരിറ്റി യൂത്ത്മൂവ്മെന്റും എസ്.ഐ.ഒ കേരളയും സംയുക്തമായി കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം ഉപരോധിക്കുമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാടും എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അഡ്വ. അബ്ദുൽ വാഹിദും സംയുക്തമായി പ്രഖ്യാപിച്ചു. 2025 ഏപ്രിൽ 9 ബുധനാഴ്ച്ച വൈകിട്ട് 3 മണി മുതലാണ് ഉപരോധം. വിവിധ സാമൂഹിക രാഷ്ട്രീയ സംഘടന നേതാക്കൾ പരിപാടിയിൽ പങ്കെടുക്കും.
വഖഫ് ഭേദഗതി നിയമം ഇന്ത്യയിലെ മുസ്ലീങ്ങൾക്കെതിരായ വംശീയ ഉന്മൂലന നീക്കത്തിന്റെ തുടർച്ചയാണ്. അതിനാൽ തന്നെ മുസ്ലിം സമുദായത്തിന്റെ അസ്ഥിത്വത്തെ തകർക്കുന്ന വഖഫ് ഭേദഗതി നിയമത്തിനെതിരെ അതിശക്തമായ പ്രക്ഷോഭത്തിനു സോളിഡാരിറ്റിയും എസ്.ഐ.ഒ യും നേതൃത്വം നൽകുമെന്ന് ഇരുവരും അറിയിച്ചു. മുസ്ലിം സമുദായം സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയ സ്വത്തിൽ നിന്നും ദൈവപ്രീതി ഉദ്ദേശിച്ചു ദാനം ചെയ്ത ഇന്ത്യയിലെ വഖഫ്സ്വത്തുക്കൾ അന്യായമായി കൈയേറാനുള്ള ആർ.എസ്.എസ് നീക്കമാണ് നിയമനിർമാണത്തിലൂടെ നടക്കുന്നത്. പൗരത്വ ഭേദഗതി നിയമം, മുത്തലാഖ് നിയമം, ഏകസിവിൽ കോഡ് തുടങ്ങി മുസ്ലിം സമുദായത്തെ ഉന്നം വച്ചുകൊണ്ട് അവതരിപ്പിക്കപ്പെടുന്ന നിയമങ്ങളുടെ തുടർച്ചയാണീ വഖഫ് ഭേദഗതി ബില്ലും എന്നതിൽ ഒരു സംശയവുമില്ല.
മുസ്‌ലിം സമുദായത്തിന്റെ ഭരണഘടനാ അവകാശങ്ങൾക്ക് മേലുള്ള വംശീയ ഭരണകൂടത്തിന്റെ കയ്യേറ്റത്തെ ജനാധിപത്യ രീതിയിൽ എല്ലാ പ്രക്ഷോഭ സാധ്യതകളേയും ഉപയോഗപ്പെടുത്തി ചെറുത്ത് തോൽപ്പിക്കുക തന്നെ ചെയ്യും. ജനാധിപത്യ സംവിധാനങ്ങൾ വംശീയ അജണ്ട നടപ്പാക്കാനുള്ള ഭരണകൂട ഉപകരണങ്ങളാകുമ്പോൾ നീതിക്ക് വേണ്ടി തെരുവിൽ പ്രതിരോധം തീർക്കാൻ മുഴുവൻ ജനാധിപത്യ വിശ്വാസികളും മുന്നിട്ടിറങ്ങണമെന്ന് ഇരുവരും ആവശ്യപ്പെട്ടു.