Press Release

യു.എ.പി.എ റദ്ദ് ചെയ്യുക സോളിഡാരിറ്റിയുടെ യു.എ.പി.എ വിരുദ്ധസംഗമങ്ങള്‍

കോഴിക്കോട്: യു.എ.പി.എ റദ്ദ് ചെയ്യുക, വിചാരണത്തടവുകാരോടുള്ള അനീതി അവസാനിപ്പിക്കുക, മഅ്ദനിയുടെ ജീവന്‍ രക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് സോളിഡാരിറ്റി നടത്തുന്ന യു.എ.പി.എ വിരുദ്ധസഗമങ്ങള്‍ നവംബര്‍ 1 വെള്ളിയാഴ്ച വൈകുന്നേരം കോഴിക്കോടും നവംബര്‍ 2 ശനി വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരത്തും നടക്കും.
ദേശസുരക്ഷയുടെയും ഭീകരകഥകളുടെയും പേരില്‍ പൗരാവകാശങ്ങളെല്ലാം ഇല്ലാതാക്കുന്ന ഭീകരനിയമങ്ങളാണ് രാജ്യത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. യു.എ.പി.എ അതിലൊരു പ്രധാന നിയമമാണ്. ഇതുവരെ കേരളത്തിലും പുറത്തും യു.എ.പി.എ ഉപയോഗിക്കപ്പെട്ടത് മിക്കതും മുസ്‌ലിംകള്‍, ദലിതുകള്‍, ആദിവാസികള്‍ തുടങ്ങിയവര്‍ക്കെതിരെയായിരുന്നെന്നത് ഇത്തരം നിയമങ്ങളുടെ അപകടം വ്യക്തമാക്കുന്നുണ്ട്. വിവേചനപരമായി പ്രയോഗവല്‍ക്കരിക്കപ്പെടാനും പകപോക്കലിന് സാധ്യതകള്‍ നല്‍കുന്നതുമായ ധാരാളം വകുപ്പുകളുള്ള നിയമമാണ് യു.എ.പി.എ. ഈയടുത്ത് പാര്‍ലമെന്റ് ആളുകളെ നിരോധിക്കാനും മറ്റുമുള്ള സ്വാതന്ത്ര്യങ്ങള്‍ നല്‍കികൊണ്ട് യു.എ.പി.എ ഭേദഗതി വരുത്തുകയും ചെയ്തു. എതിരഭിപ്രായം പറയുന്നവര്‍, പോസ്റ്ററൊട്ടിച്ചവര്‍ തുടങ്ങി വിയോജിക്കുന്നവര്‍ക്കെതിരെയെല്ലാം ഇത്തരം നിയമങ്ങളുപയോഗിക്കുന്നതോടെ രാജ്യത്തെ ജനാധിപത്യത്തെ തന്നെയാണ് അവ ദുര്‍ബലപ്പെടുത്തുന്നത്. പെരിന്തല്‍മണ്ണയില്‍ പോസ്റ്ററൊട്ടിച്ചവര്‍ക്കെതിരെ യു.എ.പി.എ ചാര്‍ത്തിയത് അവസാന ഉദാഹരണമായിരുന്നു.
രാജ്യത്ത് വിചാരണത്തടവുകാരോട് തുടരുന്ന ക്രൂരമായ അനീതികളും ഇല്ലാതാക്കപ്പെടണം. അനന്തമായി നീണ്ടുപോകുന്ന വിചാരണത്തടവുകള്‍ ഭീകരനിയമങ്ങളുടെ ഭാഗമാണ്. അതിനിടയില്‍ രോഗം, കുടുംബാങ്ങളുടെ മരണം, വിവാഹം തുടങ്ങിയ മാനുഷിക പരിഗണനകള്‍ അനിവാര്യമായ കാര്യങ്ങളില്‍ പോലും പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. അഥവാ കോടതി ഇളവ് നല്‍കിയാല്‍ തന്നെ സുരക്ഷയുടെയും യാത്രയുടെയും പേരില്‍ വഹിക്കാനാകാത്ത ചെലവുകളും മറ്റും അടിച്ചേല്‍പ്പിക്കുന്ന അവസ്ഥയുമുണ്ട്. ഇത്തരം അനീതികള്‍ അവസാനിപ്പിക്കണം. വിചാരണത്തടവുകാരില്‍ ആരോഗ്യനില അങ്ങേയറ്റം ഗുരുതരമായ അബ്ദുന്നാസര്‍ മഅ്ദനിയുടെ ജീവന്‍ രക്ഷിക്കാന്‍ സര്‍ക്കാറിന്റെയും അധികാരികളുടെയും പ്രത്യേക ഇടപെടലുകള്‍ തന്നെ അനിവാര്യമാണ്. സ്വന്തം ചെലവില്‍ തടവില്‍ കഴിയുന്ന വിചിത്രമായ അവസ്ഥയിലാണ് മഅ്ദനിയിപ്പോള്‍. പൗരാവകാശങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും പൂര്‍ണമായ നിഷേധമാണ് അദ്ദേഹമനുഭവിക്കുന്നത്. ഇത്തരം വിഷയങ്ങളുയര്‍ത്തിയാണ് സോളിഡാരിറ്റി യു.എ.പി.എ വിരുദ്ധ സംഗമങ്ങള്‍ നടത്തുന്നത്.
കോഴിക്കോട് മാവൂര്‍ റോഡിലും തിരുവനന്തപുരം ഗാന്ധിപാര്‍ക്കിലും നടക്കുന്ന പരിപാടികളില്‍ എം.ഐ അബ്ദുല്‍ അസീസ്, സി.പി ജോണ്‍, കുട്ടി അഹമ്മദ് കുട്ടി, ഗ്രോ വാസു, ഭാസുരേന്ദ്രബാബു, കെ.കെ കൊച്ച്, ഒ അബ്ദുറഹ്മാന്‍, അഡ്വ. പി.എ. പൗരന്‍, സി.കെ അബ്ദുല്‍ അസീസ്, കെ.കെ ബാബുരാജ്, അഡ്വ. തുഷാര്‍ നിര്‍മല്‍ സാരഥി, അഡ്വ. വിന്‍സെന്റ് ജോസഫ്, അഡ്വ. അഹമ്മദ് ശരീഫ്, കെ.എ ശഫീഖ്, കെ.എ ഷാജി, വര്‍ക്കല രാജ്, അഡ്വ. നന്ദിനി, ഐ ഗോപിനാഥ്, എ.എസ് അജിത്കുമാര്‍, ബി.എസ് ബാബുരാജ്, എ മജീദ് നദ്‌വി, കടക്കല്‍ ജുനൈദ്, റാസിഖ് റഹിം, അനൂപ് വി.ആര്‍, ടി മുഹമ്മദ് വേളം, സജീദ് ഖാലിദ്, സാദിഖ് ഉളിയില്‍, ശംസീര്‍ ഇബ്രാഹിം, മഹേഷ് തോന്നക്കല്‍, സാലിഹ് കോട്ടപ്പള്ളി, ഫൈസല്‍ പൈങ്ങോട്ടായി, നഹാസ് മാള, അഷ്‌കറലി, ഫാരിസ് ഒ.കെ, സക്കീര്‍ നേമം എന്നിവര്‍ പങ്കെടുക്കും.

Latest Updates