മഹാപ്രളയത്തിന്റെ കെടുതിയില്‍ നിന്ന് കേരളത്തെ കൈപിടിച്ചുയര്‍ത്താനുള്ള സോളിഡാരിറ്റിയുടെ ശ്രമങ്ങള്‍ക്ക് ശ്രദ്ദേയമായ തുടക്കം. ഇടുക്കി ജില്ലയില്‍ ചെറുതോണിലെ തടിയമ്പാട് താമസിക്കുന്ന ഭിന്നശേഷിക്കാരായ ബിജു-സുധര്‍മ്മ ദമ്പതികള്‍ക്ക് വീട് അറ്റകുറ്റപ്പണി നടത്തി വാസയോഗ്യമാക്കി നല്‍കിയാണ് പ്രളയാനന്തര പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സോളിഡാരിറ്റി കഴിഞ്ഞ ദിവസം തുടക്കം കുറിച്ചത്. ഇടുക്കി ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തിയപ്പോഴായിരുന്നു ഈ കുടുംബം പ്രളയത്തിലകപ്പെട്ടുപോയത്.
കുടുംബത്തിന്റെ ദയനീയ സ്ഥിതി മനസിലാക്കിയ സോളിഡാരിറ്റി ഇടുക്കി ജില്ലാ കമ്മറ്റി കുടുംബത്തിന്റെ പുനരധിവാസം ഏറ്റെടുക്കുകയായിരുന്നു. ഒരു മാസം കൊണ്ടാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. ബധിരരും, മൂകരുമായ ദമ്പതികള്‍ക്ക് രണ്ടു കുട്ടികളാണുള്ളത്. ഇളയ ആണ്‍കുട്ടി കാഴ്ച വൈകല്യത്തോടെ ആണ് ജനിച്ചത്. പ്രളയ മുന്നറിയിപ്പുകള്‍ വേണ്ട ഗൗരവത്തില്‍ അറിയാനുള്ള മാര്‍ഗമില്ലാതെ പോയതിനാല്‍ വീട്ടുപകരണങ്ങള്‍, വസ്ത്രങ്ങള്‍ ഒന്നും തന്നെ മാറ്റാന്‍ കഴിഞ്ഞില്ല. ഈ നിസ്സഹായാവസ്ഥയില്‍ കഴിയുന്നത്ര സഹായ നടപടികള്‍ ഉടനടി നടത്തുമെന്ന് ബിജുവിനെ സന്ദര്‍ശിച്ച് സോളിഡാരിറ്റി ഇടുക്കി ജില്ല നേതാക്കള്‍ ഉറപ്പ് നല്‍കിയിരുന്നു. സോളിഡാരിറ്റി വാക്ക് പാലിച്ചു. പ്രളയക്കെടുതിക്ക് ശേഷം സോളിഡാരിറ്റി ഏറ്റെടുത്ത് പണി പൂര്‍ത്തീകരിച്ച കേരളത്തിലെ ആദ്യത്തെ വീടാണ് ബധിരരും മൂകരുമായ ബിജു-സുധര്‍മ്മ ദമ്പതികളുടെ കുടുംബത്തിന് കഴിഞ്ഞ ദിവസം കൈമാറിയത്. ഒരു പക്ഷേ, കേരളത്തിലെ തന്നെ പൂര്‍ത്തിയാക്കപ്പെട്ട ആദ്യത്തെ പുനരധിവാസ പ്രവര്‍ത്തനമായിരിക്കും ഇത്. ഒരു ലക്ഷം രൂപ ചെലവുവരുന്ന നിര്‍മ്മാണ – അറ്റകുറ്റ പ്രവര്‍ത്തനങ്ങളാണ് ബിജുവിന്റെ കടുംബത്തിന് സംഘടന ചെയ്തു കൊടുത്തത്. പ്രളയാനന്തര കേരളത്തിലെ സോളിഡാരിറ്റിയുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ ആമുഖം രേഖപ്പെടുത്താന്‍ കഴിഞ്ഞ ചാരിതാര്‍ഥ്യത്തിലാണ് സംഘടനയും പ്രവര്‍ത്തകരും.
സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ഉമര്‍ ആലത്തൂര്‍, മരിയാപുരം ഗ്രാമ പഞ്ചായത്ത് മെമ്പര്‍ സീന സാജു, മുഹയുദ്ദീന്‍ ജുമുഅ മസ്ജിദ് ഇമാം അബ്ദുല്‍ അസീസ് അല്‍ ഹാദി, ജില്ല പ്രസിഡന്റ് ഹലീം, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്റ് ഷാജഹാന്‍ നദ് വി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.