News & Updates

‘പുതിയ കേരളം ‘ മണ്ണിനും മനുഷ്യനും വേണ്ടി എന്ന തലക്കെട്ടില്‍ സോളിഡാരിറ്റി സംസ്ഥാന സമിതി സംഘടിപ്പിച്ച സെമിനാര്‍ എഴുത്തുകാരന്‍ സി.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

പ്രളയ ദുരന്തം ഒഴിവാക്കാമായിരുന്നതാണെന്ന വസ്തുത അംഗീകരിക്കാന്‍ അധികൃതര്‍ ഇപ്പോഴും തയ്യാറാകുന്നില്ലെന്ന് എഴുത്തുകാരന്‍ സി.രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ‘പുതിയ കേരളം ‘ മണ്ണിനും മനുഷ്യനും വേണ്ടി എന്ന തലക്കെട്ടില്‍ സോളിഡാരിറ്റി സംസ്ഥാന സമിതി സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദുരന്തങ്ങള്‍ പ്രകൃതിപരമായതും മനുഷ്യനിര്‍മ്മിതമായതുമുണ്ട്. മനുഷ്യ നിര്‍മ്മിതമായ ദുരന്തങ്ങള്‍ പൂര്‍ണമായി നിര്‍ത്തലാക്കാന്‍ കഴിയും. ബുദ്ധിശൂന്യതയുണ്ടായിട്ടുണ്ടോയെന്ന അന്വേഷണം ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ ആവശ്യമാണ്. അണക്കെട്ടുകള്‍ ഒറ്റയടിക്ക് തുറന്നതാണ് കേരളത്തിലുണ്ടായ ദുരന്തത്തിന് കാരണം. ഇത് നമുക്ക് ഒഴിവാക്കാമായിരുന്നു. നേരത്തെ അണക്കെട്ടുകള്‍ തുറന്നുവിട്ട്, മൊത്തം സംഭരണശേഷിയുടെ പത്തുശതമാനം കുറച്ചിരുന്നെങ്കില്‍ പിന്നീട് വന്ന വെള്ളം അണക്കെട്ടുകളില്‍ ശേഖരിച്ച് നിര്‍ത്താമായിരുന്നു. എന്നാല്‍, ഇക്കാര്യങ്ങള്‍ ദുരന്തത്തിന് ശേഷവും പറയാന്‍ പാടില്ലെന്നാണ് അധികാരികള്‍ പറയുന്നത്. ഇനിയും ഇതുതന്നെ ചെയ്യുമെന്നാണ് അവര്‍ പറഞ്ഞുവക്കുന്നത്. ഒരു നദിയില്‍ ഒന്നില്‍കൂടുതല്‍ അണക്കെട്ടുകള്‍ പണിയാന്‍ പാടില്ലെന്നാണ് അന്താരാഷ്ട്ര നിയമങ്ങള്‍ പറയുന്നത്. കേരളത്തിലെ പ്രധാന അണക്കെട്ടുകളെല്ലാം നില്‍ക്കുന്നത് ഭൂകമ്പ സാദ്ധ്യതയുള്ള പ്രദേശങ്ങളിലാണ്. ശക്തമായ ഉരുള്‍പൊട്ടലുണ്ടായാല്‍ മൂന്നോ നാലോ ജില്ലകള്‍ വരെ കടലില്‍ പതിക്കുന്ന തരത്തിലുള്ള ഭൂപ്രദേശമാണ് കേരളത്തിന്റേത്. ഡാമുകള്‍ നിര്‍മ്മിച്ചപ്പോള്‍ ഇതടക്കമുള്ള കാര്യങ്ങള്‍ ശ്രദ്ധിച്ചിട്ടില്ല. പ്രളയത്തോടെ കൃഷിഭൂമിയിലെ മേല്‍മണ്ണ് മുഴുവന്‍ ഒഴുകിപോയി. ഏറ്റവും പ്രധാനപ്പെട്ട മണ്ണാണിത്. മഴവെള്ളം ഭൂമിയിലേക്ക് ഇരിക്കാന്‍ സൗകര്യമില്ലാതായതോടെ ഭൂഗര്‍ഭജലം ഇല്ലാതായി വരികയാണ്. ലോകത്ത് ഏത് ദുരന്തമുഖത്തും കാണാന്‍ കഴിയാത്ത സര്‍വജന പങ്കാളിത്തമാണ് പ്രളയ സമയത്ത് രക്ഷാപ്രവര്‍ത്തനങ്ങളില്‍ കണ്ടതെന്നും അദ്ദേഹം പറഞ്ഞു. പ്രകൃതി സംരക്ഷണമാണ് ഏറ്റവും വലിയ വികസനമെന്ന് പ്രളയം കേരളത്തെ പഠിപ്പിച്ചതായി അധ്യക്ഷത വഹിച്ച സോളിഡാരിറ്റി വൈസ് പ്രസിഡന്റ് സമദ് കുന്നക്കാവ് പറഞ്ഞു. ഇതിന് അനുസൃതമായ ചിന്തകളാണ് എല്ലാ മേഖലയിലും ഉയര്‍ന്ന് വന്നുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് മണ്ണിനും മനുഷ്യനും വേണ്ടി എന്ന തലക്കെട്ടില്‍ പുതിയ കേരള കാഴ്ചപ്പാടുമായി സോളിഡാരിറ്റി രംഗത്ത് വന്നിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. മുഹമ്മദ് ഷമീം വിഷയാവതരണം നടത്തി. ഡോ.വി.എസ്.വിജയന്‍, കെ.കെ.കൊച്ച്, സി.ആര്‍.നീലകണ്ഠന്‍, ജോണ്‍ പെരുവന്താനം, പി.മുജീബ് റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു. എം.കെ.അബൂബക്കര്‍ ഫാറൂഖി സമാപന പ്രഭാഷണം നടത്തി. സോളിഡാരിറ്റി ജനറല്‍ സെക്രട്ടറി ഉമര്‍ ആലത്തൂര്‍ സ്വാഗതവും ജില്ല പ്രസിഡന്റ് എ.അനസ് നന്ദിയും പറഞ്ഞു

Latest Updates